ദേശീയ പുരസ്‌കാര നിറവിൽ കെ.എസ്.എഫ്.ഇ

Wednesday 31 December 2025 12:34 AM IST

ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്സിൽ ഇരട്ട നേട്ടം

കൊച്ചി: ബിസിനസ് വേൾഡ് സംഘടിപ്പിച്ച ഏഴാമത് എമർജിംഗ് ബിസിനസ് അവാർഡ്സിൽ രണ്ട് പുരസ്കാരങ്ങൾ കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) സ്വന്തമാക്കി. എം.എസ്.എം.ഇ ധനസഹായ രംഗത്തെ മികവിന് കെ.എസ്.എഫ്.ഇക്കും മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിലിനും അംഗീകാരം ലഭിച്ചു. നവീന വായ്പാ മാതൃകകളും മികച്ച മാനേജ്മെന്റിലൂടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ കെ.എസ്.എഫ്.ഇയുടെ പ്രതിബദ്ധതയും ദേശീയ ധനകാര്യ രംഗത്തെ ഉയർന്ന സ്വാധീനവുമാണ് പുരസ്കാരങ്ങൾക്ക് വഴിയൊരുക്കിയത്. ദീർഘവീക്ഷണത്തോടെ മികച്ച നേതൃത്വം നൽകിയതിന് കെ.എസ്.എഫ്.ഇയുടെ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിലിനെ മികച്ച സി.ഇ.ഒയായി തെരഞ്ഞെടുത്തു. സാമ്പത്തിക ഉൾക്കൊള്ളലിനായുള്ള ശ്രദ്ധേയമായ സംഭാവനകളും എംഎസ്എംഇ മേഖലക്ക് ദീർഘകാല പിന്തുണ നൽകുന്ന ഫലപ്രദമായ ധനസഹായങ്ങളും പ്രോത്സാഹനവുമാണ് കണക്കിലെടുത്തത്.

സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള പ്രതിബദ്ധതയും കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കൂട്ടായ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേട്ടമാണ് അംഗീകാരമെന്ന് എസ്.കെ സനിൽ പറഞ്ഞു.