സിയാലിൽ വിപുലീകരിച്ച കാർഗോ വെയർഹൗസ്

Wednesday 31 December 2025 12:35 AM IST

കാർഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.

ചരക്കുകളുടെ ടേൺ അറൗണ്ട് സമയം കുറയ്ക്കാനും കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രത്യേക ചരക്കുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സംവിധാനം സഹായിക്കുമെന്ന് എസ്. സുഹാസ് പറഞ്ഞു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ സംസാരിച്ചു.

കൈകാര്യ ശേഷി വർദ്ധിച്ചു

സിയാലിലെ വാർഷിക എക്‌സ്‌പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. പുതിയ സംവിധാനത്തിൽ, രണ്ട് അധിക എക്‌സ്-റേ മെഷീനുകളും എക്‌സ്‌പ്ളോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°സി മുതൽ +8°സി വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട്.

വേഗത്തിൽ കേടാവുന്ന ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും വർധിച്ചു.