അകത്തേത്തറ മേൽപ്പാലം നിർമ്മാണം വൈകുന്നത് മനുഷ്യാവകാശ ലംഘനം
പാലക്കാട്: അകത്തെത്തറ നടക്കാവ് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് അനന്തമായി നീളുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി അവലോകന യോഗം വിളിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനു മുന്നോടിയായി ഡെപ്യൂട്ടി കളക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി നിർമ്മാണ പുരോഗതി റിപ്പോർട്ട് വാങ്ങണം. പ്രസ്തുത റിപ്പോർട്ടിന്റെയും സംയുക്ത യോഗത്തിന്റെയും അടിസ്ഥാനത്തിൽ കാലതാമസം കൂടാതെ പ്രവൃത്തികൾ പൂർത്തിയാക്കാൻ നിർവ്വഹണ ഏജൻസികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകണം. നിർമ്മാണ പുരോഗതി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും (ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻസ്) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡിയും കമ്മീഷനെ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
റെയിൽവേയുടെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായിട്ടില്ലെന്നും രണ്ടു സ്പാനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കുമെന്നും റെയിൽവേ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മേൽപ്പാല നിർമ്മാണത്തിന്റെ 80% വും പൂർത്തിയായിട്ടുണ്ടെന്നും റെയിൽവെ നിർമ്മിക്കേണ്ട സ്പാൻ പൂർത്തിയായാൽ മാത്രമേ മേൽപ്പാലത്തിന്റെ ഇരുവശവുമുള്ള നാല് സ്പാനുകളുടെ നിർമ്മാണം നടത്താൻ കഴിയുകയുള്ളുവെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറഞ്ഞു. മേൽപ്പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ റെയിൽവെയുടെ നിർമ്മാണം പൂർത്തിയായ ശേഷം 3 മാസം കൂടി ആവശ്യമാണെന്ന് കരാർ കമ്പനി അറിയിച്ചിട്ടുള്ളതായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറയുന്നു. 3 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ 60% നിർമ്മാണ ജോലികൾ മാത്രമാണ് പൂർത്തിയായതെന്നും നിർമ്മാണ ഏജൻസികളുടെ കാലതാമസമാണ് കാരണമെന്നും പരാതിക്കാരനായ അകത്തെത്തറ നടക്കാവ് മേൽപാലം ജനകീയ സമിതിക്കു വേണ്ടി വിപിൻ ശേകുറി കമ്മീഷനെ അറിയിച്ചു. 2017ൽ ശിലാസ്ഥാപനം നടത്തിയ മേൽപ്പാലത്തിന്റെ നിർമ്മാണമാണ് ഒച്ചിഴയും പോലെ നീങ്ങുന്നത്. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രദേശവാസികളും യാത്രക്കാരുമാണ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ.