ഇസ്രയേലിന് ഏറെ പ്രിയപ്പെട്ടത്. ഇപ്പോൾ കേരളത്തിലെ ചില വീടുകളിലും
Tuesday 30 December 2025 10:16 PM IST
പറവൂർ: ആഫിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന വർണപ്പക്ഷിയായ ഹൂപ്പോ പറവൂർ പെരുവാരത്തുള്ള വീട്ടിൽ സഞ്ചാരിയായെത്തി. വിശാഖം ഗോവിന്ദപിള്ളയുടെ വീട്ടിലെ പറമ്പിലാണ് ഒരാഴ്ചയായി പക്ഷിയെ കണ്ടുതുടങ്ങിയത്. അമ്പത് സെന്റ് ഭൂമിയിലെ മരങ്ങളുടെ ഇടയിലാണ് സഹവാസം. രാവിലെയും വൈകിട്ടും പറമ്പിൽ പറന്ന് നടക്കുമെങ്കിലും ഉച്ച സമയങ്ങളിൽ കാണാറില്ല.
ഹൂ, പൂ, പൂ എന്ന ശബ്ദം പുറപ്പെടുവിക്കും. ഇതിലൂടെയാണ് ഈ പക്ഷി ഹൂപ്പോയാണെന്ന് തിരിച്ചറിഞ്ഞത്. തലയിൽ വിശറിപോലെ വിരിക്കാൻ കഴിയുന്ന പൂവാണ് ഹൂപ്പോയെ മനോഹരമാക്കുന്നത്. ചിറകുകളിലും വാലിലും കറുപ്പും വെളുപ്പും കലർന്ന വരകളാണുള്ളത്. മറ്റുഭാഗം തവിട്ടുകലർന്ന മഞ്ഞ നിറമാണ്. മണ്ണിലെ കൃമികൾ, പ്രാണികൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. മരപ്പൊത്തുകളിലാണ് രാത്രിവാസം. ഇസ്രായേലിന്റെ ദേശീയ പക്ഷിയാണിത്. കേരളത്തിൽ അപൂർവമായാണ് ഹൂപ്പോയെ കാണുന്നത്.