 സെൻട്രൽ സ്‌കൂൾ കായികമേള തൂക്കീട്ടാാാ തൃശൂൂര്..

Wednesday 31 December 2025 1:26 AM IST

കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷിയായ സംസ്ഥാന സെൻട്രൽ സ്‌കൂൾ കായികമേളയുടെ രണ്ടാംദിനം 104 പോയിന്റ് കൂടി സ്വന്തമാക്കിയാണ് ശക്തന്റെ നാട്ടുകാർ കിരീടം ഉറപ്പിച്ചത്. 13 സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം ആകെ 278 പോയിന്റാണ് മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് തൃശൂർ നേടിയത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന തൃശൂരിന്റെ പകരംവീട്ടൽ കൂടിയായി ഈ കിരീടധാരണം. നിലവിലെ ചാമ്പ്യന്മാരായ ആതിഥേയർക്ക് ആറ് പോയിന്റ് വ്യത്യാസത്തിനാണ് കിരീടം കൈവിട്ടുപോയത്. 12 സ്വർണം, 13 വെള്ളി, ഏഴ് വെങ്കലമടക്കം 272 പോയിന്റാണ് എറണാകുളം നേടിയത്. 195 പോയിന്റുമായി ഇടുക്കിയാണ് മൂന്നാം സ്ഥാനത്ത്. ഇടുക്കിക്ക് 10 സ്വർണം, ഏഴ് വീതം വെള്ളിയും വെങ്കലവുമാണുള്ളത്.

കഴിഞ്ഞ വർഷം 375 പോയിന്റ് നേടിയാണ് എറണാകുളം കിരീടംചൂടിയത്. ഇക്കുറി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ എറണാകുളത്തിന്റെ താരങ്ങൾക്കായില്ല. റണ്ണറപ്പായിരുന്ന കോഴിക്കോടിന് ഇക്കുറി ആദ്യ അഞ്ചിൽപോലും എത്താനായില്ല. 87 പോയിന്റുമായി ആറാം സ്ഥാനത്ത് ഒതുങ്ങി. പാലക്കാട് (163), ആലപ്പുഴ (88) എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാർ. സ്‌കൂളുകളിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. മൂന്ന് സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലമടക്കം 95 പോയിന്റ് സ്വന്തമാക്കിയാണ് ചാമ്പ്യൻപട്ടം നേടിയത്. കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വർണം, നാല് വീതം വെള്ളിയും വെങ്കലവുമടക്കം 68 പോയിന്റ്. ആദ്യദിനം അഞ്ചാം സ്ഥാനത്തായിരുന്നു കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ.

മൂന്നാം സ്ഥാനത്തുള്ള രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിന് അഞ്ച് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് സമ്പാദ്യം. തൃശൂർ പൂച്ചട്ടി ഭവൻസ് (64), തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂൾ (49) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. മേളയിൽ 25 മീറ്റ് റെക്കാഡുകൾ പിറന്നു. വിജയികൾക്ക് കായികമന്ത്രി വി. അബ്ദുറഹ്മാൻ കിരീടം സമ്മാനിച്ചു. ചടങ്ങിൽ ഒളിമ്പ്യൻ മേഴ്‌സികുട്ടൻ, നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറലും അത്‌ലറ്റിക്‌സ് ജനറൽ കൺവീനറുമായ ഡോ. ഇന്ദിര രാജൻ, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറിയും സ്‌പോർട്‌സ് മീറ്റ് കോഓർഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, അത്‌ലറ്റിക് മീറ്റ് കോഓർഡിനേറ്റർ അനിൽകുമാർ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.