ബിനാലെ ചിത്രത്തിൽ പ്രതിഷേധം

Wednesday 31 December 2025 1:35 AM IST

കൊച്ചി: ബിനാലെയിൽ യേശുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചെന്ന് പരാതി. മതവിശ്വാസങ്ങളെ വേദനിപ്പിക്കുന്ന 'മൃദുവാംഗിയുടെ ദുർമൃത്യു" എന്ന ചിത്രാവിഷ്‌കാരം നീക്കം ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കലയെന്ന പേരിൽ മതവിശ്വാസങ്ങളെ വേദനിപ്പിക്കുന്ന ചിത്രാവിഷ്‌കാരം പ്രദർശിപ്പിക്കരുതെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു.

മതവികാരങ്ങളെ ഗുരുതരമായി വേദനിപ്പിക്കുന്ന വിവാദ കലാസൃഷ്ടികൾ നീക്കം ചെയ്യുകയും മാപ്പ് പറയുകയും വേണമെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി പ്രസിഡന്റ് രാജീവ് പാട്രിക് ആവശ്യപ്പെട്ടു.

ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്നതിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പ്രതിഷേധിച്ചു. വിശ്വാസത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.