കുടിക്കുന്നത് ചായയോ കട്ടന്‍ചായയോ അതോ കാപ്പിയോ? എങ്കില്‍ ഇക്കാര്യം കൂടി ഉറപ്പിക്കാം

Tuesday 30 December 2025 11:42 PM IST

രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ഉടനെ തന്നെ ഒരു ചായയോ കാപ്പിയോ അല്ലെങ്കില്‍ കട്ടന്‍ചായയോ വേണമെന്നുള്ളത് പലരുടേയും ശീലമാണ്. രാവിലെ കിട്ടുന്ന ഈ പാനീയത്തിന്റെ രുചി നാവിനും മനസ്സിനും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോക്കാണെന്ന് കരുതുന്നവരുമുണ്ട്. അതായത് കിടക്കയില്‍ നിന്ന് എണീറ്റതിന് ശേഷമുള്ള ഈ ശീലത്തിന് ഒരു ദിവസത്തെ നമ്മുടെ മൊത്തം പ്രവര്‍ത്തികളെ തന്നെ സ്വാധീനിക്കാന്‍ കഴിയുമെന്ന് സാരം.

രാവിലേയും വൈകുന്നേരവും കുടിക്കുന്നത് ചായയോ കാപ്പിയോ എന്നത് ഓരോ വ്യക്തികളുടേയും ഇഷ്ടമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പാല്‍ചായ, കട്ടന്‍ചായ, ഗ്രീന്‍ ടീ, കോഫി, ഐസ് ടീ എന്നിങ്ങനെ പലര്‍ക്കും പല ശീലങ്ങളാണ്. എന്നാല്‍ നിങ്ങള്‍ ഇതില്‍ ഏതാണ് കുടിക്കുന്നത് എന്നതിന് നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ത്തന്നെ കട്ടന്‍ചായ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവമായിരിക്കും.

സ്ഥിരമായി കട്ടന്‍ചായ കുടിക്കുന്നവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണെന്നാണ് പറയാറുള്ളത്. ഇക്കൂട്ടരെ ഏല്‍പ്പിക്കുന്ന ജോലികള്‍ അവര്‍ കൃത്യ സമയത്ത് തന്നെ ചെയ്ത് തീര്‍ക്കും. ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. പാല്‍ചായയാണ് ഇഷ്ടമെങ്കില്‍ നിങ്ങള്‍ ഊഷ്മളതയും ഊര്‍ജ്ജസ്വലമായ ജീവിതം പിന്തുടരുന്നവരുമാണ്. ഇവര്‍ വളരെ സമ്പന്നരും സന്തുഷ്ടരുമായിരിക്കുമെന്നും പറയപ്പെടുന്നു. ഗ്രീന്‍ ടീ ആണ് കൂടുതലായി കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരും ശാന്തസ്വഭാവമുള്ളവരുമായിരിക്കും.

കാപ്പിയാണ് നിങ്ങള്‍ സ്ഥിരമായി കഴിക്കുന്നതെങ്കില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കും. നിങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നത് കുറവാണെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ ഏതറ്റം വരേയും പോകുന്ന സ്വഭാവമായിരിക്കും നിങ്ങള്‍ക്ക്. എന്നാല്‍ കോള്‍ഡ് കോഫിയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ വളരെ തണുപ്പന്‍ പ്രകൃതമായിരിക്കും സ്വഭാവം.