പൂർത്തിയാകാതെ ചെങ്ങന്നൂരിലെ ഇടത്താവളം വാഗ്ദാനങ്ങൾ കടലാസിൽ

Wednesday 31 December 2025 2:48 AM IST

ചെങ്ങന്നൂർ: ശബരിമലയുടെ കവാടമെന്നറിയപ്പെടുന്ന ചെങ്ങന്നൂരിൽ തീർത്ഥാടകർക്ക് വേണ്ടി ഒരുങ്ങുന്ന അത്യാധുനിക ഇടത്താവള സമുച്ചയത്തിന്റെ നിർമ്മാണം ഈ മണ്ഡലകാലത്തും പൂർത്തിയാകാതെ തുടരുകയാണ്. മണ്ഡലകാലത്തിന് മുമ്പ് കെട്ടിടം തുറന്നുകൊടുക്കുമെന്ന ദേവസ്വം ബോർഡിന്റെയുംഅധികൃതരുടെയും പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമായില്ല. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തെ തുടർന്നാണ് ചെങ്ങന്നൂരിലെ ശബരിമല തീർഥാടകർക്ക് മതിയായ സൗകര്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ പദ്ധതിയായി ഇടത്താവള സമുച്ചയത്തിന് രൂപം നൽകിയിരുന്നത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കുന്നത്തുമലയിലെ 45 സെന്റ് സ്ഥലത്ത് 10.48 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണം 2022 ലാണ് ആരംഭിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ നാലു വർഷത്തിനിടെ പലവട്ടം പണി നിറുത്തിവയ്ക്കേണ്ടി വന്നു. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയത്തിൽ താഴത്തെ നിലയിൽ ഒരേസമയം 25 കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്. ഒന്നാം നിലയിൽ 200 പുരുഷന്മാർക്കും 100 സ്ത്രീകൾക്കും ഉൾപ്പെടെ 300 പേർക്ക് വിശ്രമിക്കാവുന്ന ഡോർമിറ്ററിയും രണ്ടാം നിലയിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാളും ആധുനിക പാചകശാലയും ഒരുക്കുന്നുണ്ട്. മൂന്ന് ലിഫ്റ്റുകൾ, ആവശ്യത്തിന് ടോയ്ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022ൽ ആരംഭിച്ച പദ്ധതി നാല് വർഷത്തോട് അടുക്കുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഉപകരാർ നൽകി പണി നടത്തുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ താഴത്തെ നിലയിലെ ടൈൽസ്, പ്ലംമ്പിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം നിലയുടെ വാർപ്പ് കഴിഞ്ഞ് ഭിത്തികെട്ട് പുരോഗമിക്കുകയാണ്. രണ്ടാം നിലയുടെ പില്ലർ വാർക്കുന്നതിനുള്ള പണികളും നടക്കുന്നു.

കെട്ടിടം പൂർണരൂപത്തിലാകാൻ ഇനിയും മാസങ്ങൾ

കെട്ടിടം പൂർണരൂപത്തിലാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. പ്രതിദിനം 15,000 മുതൽ 20,000 വരെ തീർത്ഥാടകർ എത്തുന്ന ചെങ്ങന്നൂരിൽ വിശ്രമകേന്ദ്രത്തിന്റെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിർമ്മാണത്തിനായി പഴയ ടോയ്ലെറ്റുകൾ പൊളിച്ചുനീക്കിയതോടെ ഭക്തർ ദുരിതത്തിലായി. പകരം സംവിധാനമായി ഇ-ടോയ്‌ലറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ജല അതോറിറ്റിയുടെ പഴയ ടാങ്കിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കുമോ എന്ന ആശങ്കയും നാട്ടുകാർ ഉയർത്തുന്നുണ്ട്. മണ്ണടിച്ചിൽ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും ആവശ്യം ശക്തമാണ്.

..................................

കിഫ്ബി ഫണ്ടിൽ നിന്ന് 116 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആറ് ഇടത്താവളങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിലേത്. നിർമ്മാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

(അധികൃതർ)

....................................

അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും പദ്ധതി പൂർത്തിയാക്കി നാടിന് സമർപ്പിക്കണം

(ഭക്തജനങ്ങൾ)

...........................................................

നിർമ്മാണച്ചെലവ് 10.48 കോടി