ഗർഭസ്ഥശിശുവിന്റെ ലിംഗ പരിശോധനയ്‌ക്കെതിരേ കർശന നടപടിയെടുക്കും: ഡി.എം.ഒ

Wednesday 31 December 2025 12:54 AM IST

ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാർഹമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി. നിയമം ലംഘിക്കുന്ന സ്‌കാനിംഗ് സെന്ററുകൾക്കെതിരെ കർശന നടപടിയെടുക്കും. ഗർഭസ്ഥ ശിശു ലിംഗ പരിശോധനാ നിയമത്തെക്കുറിച്ച് സ്‌കാനിംഗ് സെന്റർ നടത്തിപ്പുകാർക്ക് പരിശീലനം നൽകും. യോഗത്തിൽ പുതുതായി എട്ട് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകി. പുതുതായി രജിസ്‌ട്രേഷൻ എടുക്കുന്ന സ്ഥാപനങ്ങൾക്ക് പരിശീലനം നൽകും. ജില്ലയിലെ പ്രധാനയിടങ്ങളിൽ ഗർഭസ്ഥ ശിശു ലിംഗനിർണയം നടത്തുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ബോർഡുകൾ സ്ഥാപിക്കും.

ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്‌ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗത്തിൽ വിശകലനം ചെയ്തു. നിയമാനുസൃത യോഗ്യതയുള്ള ഡോക്ടർ മാത്രമേ സ്‌കാനിങ് നടത്താവൂ. ഇത് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തണം. പുതുതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപനങ്ങൾക്കുള്ള രജിസ്‌ട്രേഷന് അപേക്ഷിക്കണമെന്നും യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, സാമൂഹ്യപ്രവർത്തക ബീനാ സണ്ണി, അഡ്വ. സുജാത വർമ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫിസർ കെ.പി സാദിഖലി എന്നിവർ പങ്കെടുത്തു.