സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: സന്നദ്ധപ്രവർത്തകർ നാളെ മുതൽ വീടുകളിൽ സന്ദർശനം നടത്തും

Wednesday 31 December 2025 12:59 AM IST

മലപ്പുറം: സംസ്ഥാനത്തിന്റെ വികസനത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ തേടി സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ ജനുവരി ഒന്ന് മുതൽ വീടുകളിലെത്തും. നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 28 വരെയാണ് സന്നദ്ധ പ്രവർത്തകർ വീടുകൾ സന്ദർശിക്കുക. ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്താകും വികസനക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പാക്കുക.

പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരാണ് വീടുകളിലെത്തുക. സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ജില്ലയിൽ വിവിധ തദ്ദേശസ്ഥാപന തലത്തിൽ പുരോഗമിച്ചുവരികയാണ്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വീടുകളിൽ നിന്ന് വിവരശേഖരണം തുടങ്ങും. ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും സർക്കാർ തിരിച്ചറിയൽ കാർഡുമായാണ് സന്നദ്ധ പ്രവർത്തകരെത്തുക.

ജില്ലാകളക്ടർ വി.ആർ വിനോദ് ചെയർമാനായ ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഇഫർമേഷൻ ഓഫീസർ കെ. മുഹമ്മദാണ് കൺവീനർ. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഡോ. പി.സീമ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബി. സുരേഷ് കുമാർ, എ.ശ്രീധരൻ, കെ.ജയകുമാർ, വി.ആർ.പ്രമോദ് എന്നിവരാണ് ജില്ലാ തല സമിതിയിലെ അംഗങ്ങൾ.