വിയ്യൂർ വനിതാ ജയിലിൽ ഈണമിട്ട് വൈദ്യർ അക്കാദമി; 'പാട്ടും പറച്ചിലും' ആവേശമായി

Wednesday 31 December 2025 12:00 AM IST

കെണ്ടോട്ടി: തൃശൂർ വിയ്യൂർ വനിതാ ജയിലിൽ അഞ്ച് ദിവസം നീളുന്ന ജയിൽ ദിനാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച 'പാട്ടും പറച്ചിലും' പരിപാടി അന്തേവാസികൾ ആവേശത്തോടെ സ്വീകരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ ഫൈസൽ എളേറ്റിലിന്റെ നേതൃത്വത്തിൽ അൻഷിത ജാസ്മിൻ, റഹീന കൊളത്തറ, മുജീബ് മലപ്പുറം, അഷറഫ് മഞ്ചേരി, നസീബ് മലപ്പുറം എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾക്കൊപ്പം ചുവടുവച്ചും പാടിയും അന്തേവാസികൾ പരിപാടി ആഘോഷമാക്കി. രാവിലെ നടന്ന ജയിൽ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം സബ് ജഡ്ജ് സരിത രവീന്ദ്രൻ നിർവഹിച്ചു. മധ്യമേഖല ജയിൽ ഡി.ഐ.ജി ടി.ആർ .രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ട് ടി.ജെ. ജയ, ഫാ. തോമസ് വാഴക്കാല, വനിതാ ജയിൽ വെൽഫെയർ ഓഫീസർ ടി.പി.സൂര്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിലും വിവിധ കലാപരിപാടികൾ ജയിൽ ദിനഘോഷത്തിന്റെ ഭാഗമായി നടക്കും.