ഏറ്റവും ചൂഷണം ഭക്തിയുടെ പേരിൽ: സ്വാമി ചിദാനന്ദപുരി

Wednesday 31 December 2025 12:08 AM IST

ശിവഗിരി: ഏറ്റവും കൂടുതൽ ചൂഷണവും അനാചാരങ്ങളും നടക്കുന്നത് ഭക്തിയുടെ പേരിലാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആത്മീയത ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി. ഈശ്വരൻ ഭക്തനിൽ നിന്നും അകലെയല്ല. ഈശ്വരഭക്തി സേവനങ്ങൾക്ക് പ്രേരിപ്പിക്കും. അത് വിശക്കുന്നവന് ഭക്ഷണമായും രോഗികൾക്ക് മരുന്നായും മാറും. ലോകത്തിന്റെ പാരസ്പര്യത്തെക്കുറിച്ചുള്ള ധാരണ ഓരോ മനുഷ്യനിലും ഭക്തി സൃഷ്ടിക്കും. ഭക്തന്മാർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ ഭേദങ്ങളുണ്ടാകില്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തപസ്യാമൃതാനന്ദപുരി, വർക്കല നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വര എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴൂർ ശ്രീതീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീർത്ഥ, ചിന്മയ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, വൺവേൾഡ് സ്കൂൾ ഒഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദയതി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തി. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ നന്ദിയും പറഞ്ഞു.

ബാഹ്യമായി ത്വജിക്കുന്നതിൽ അർത്ഥമില്ല

എന്തും ബാഹ്യമായി ത്വജിക്കാമെന്നും മനസുകൊണ്ട് ത്വജിക്കുന്നതാണ് പ്രധാനമെന്നും സ്വാമി തപസ്യാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശരീരംകൊണ്ട് ഏത് പ്രവൃത്തി ചെയ്താലും അതിന് പിറകിൽ മനസുള്ളതുകൊണ്ടാണ് കർമ്മമായി മാറുന്നത്. കർമ്മം യോഗമാകാതെ അനുഷ്ഠിച്ചാൽ ആഗ്രഹങ്ങളുണ്ടാകും. അത് കൂടുതൽ കർമ്മബന്ധനങ്ങളിലേക്ക് നയിക്കും. ഈ കർമ്മബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാനാണ് ഈശ്വരൻ ഗുരുവായി പിറവിയെടുക്കുന്നത്. അത്തരത്തിലുള്ള ഈശ്വരാവതാരമാണ് ശ്രീനാരായണ ഗുരുദേവൻ.

ഗുരുദേവനെ പൂർണമായി അറിയാനാകില്ലെന്ന് വർക്കല നാരായണഗുരുകുലം സ്വാമി ത്യാഗീശ്വര അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.

മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന ആകാശം പോലെയാണ് ശ്രീനാരായണ ഗുരുദേവൻ. മുന്നോട്ട് നടക്കുന്തോറും ആകാശവും നീളും. അതുപോലെ അറിയുന്തോറും അറിയാനേറെയായി ഗുരുദേവൻ വീണ്ടും ബാക്കിനിൽക്കും.

തീ​ർ​ത്ഥാ​ട​ന​ ​ഘോ​ഷ​യാ​ത്ര​ ​ഇ​ന്ന്

ശി​വ​ഗി​രി​:​ ​തീ​ർ​ത്ഥാ​ട​ന​ ​ഘോ​ഷ​യാ​ത്ര​ ​ഇ​ന്ന് ​വെ​ളു​പ്പി​ന് 5.30​ന് ​മ​ഹാ​സ​മാ​ധി​ ​സ​ന്നി​ധി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടും.​ ​ഭ​ഗ​വാ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​തി​രു​വെ​ഴു​ന്ന​ള്ള​ത്ത് ​എ​ന്ന​ ​സ​ങ്ക​ല്പ​ത്തോ​ടെ​യാ​ണ് ​ഘോ​ഷ​യാ​ത്ര​ ​ന​ട​ക്കു​ന്ന​ത്.​ ​ഗു​രു​ദേ​വ​ൻ​ ​സ​ഞ്ച​രി​ച്ച​ ​റി​ക്ഷ​യി​ൽ​ ​ഗു​രു​ദേ​വ​സ്വ​രൂ​പം​ ​വ​ച്ച് ​ശി​വ​ഗി​രി​മ​ഠ​ത്തി​ലെ​ ​സ​ന്യാ​സി​ശ്രേ​ഷ്ഠ​രും​ ​ബ്ര​ഹ്മ​ചാ​രി​ക​ളും​ ​ചേ​ർ​ന്ന് ​റി​ക്ഷ​യെ​ ​ന​യി​ക്കും.​ ​പീ​താം​ബ​ര​ധാ​രി​ക​ളാ​യ​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​ഓം​ ​ന​മോ​ ​നാ​രാ​യ​ണാ​യ​ ​നാ​മ​ജ​പ​ത്തോ​ടെ​ ​ഗു​രു​ദേ​വ​റി​ക്ഷ​ക്ക് ​അ​ക​മ്പ​ടി​ ​സേ​വി​ക്കും. സേ​വ​നം​ ​യു.​എ.​ഇ,​​​ ​ഗു​രു​ദേ​വ​ ​സോ​ഷ്യ​ൽ​ ​സൊ​സൈ​റ്റി​ ​ബ​ഹ്റി​ൻ,​​​ ​ശ്രീ​നാ​രാ​യ​ണ​ ​ക​ൾ​ച്ച​റ​ൽ​ ​സൊ​സൈ​റ്റി​ ​ബ​ഹ്റി​ൻ,​​​ ​കു​വൈ​റ്റ് ​സാ​ര​ഥി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കൊ​ണ്ടു​വ​ന്ന​ ​ധ​ർ​മ്മ​പ​താ​ക​ക​ൾ​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​അ​ണി​നി​ര​ക്കും.​ ​രാ​ജ്യ​ത്തി​ന്റെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ ​വ​ന്നു​ചേ​ർ​ന്ന​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​ഒ​ട്ട​ന​വ​ധി​ ​പ​ദ​യാ​ത്ര​ക​ളും​ ​ഘോ​ഷ​യാ​ത്ര​യോ​ടൊ​പ്പം​ ​ന​ഗ​ര​ ​പ്ര​ദ​ക്ഷി​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.