ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കണം: പി.സി.വിഷ്ണുനാഥ്

Wednesday 31 December 2025 12:11 AM IST

ശിവഗിരി: ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കുറഞ്ഞാലേ ആരോഗ്യനിലവാരം മെച്ചപ്പെട്ടുവെന്ന് പറയാനാകൂവെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ആധുനിക ജീവിതത്തിലെ ആരോഗ്യപ്രതിസന്ധികൾ എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം കേരളത്തിൽ അഞ്ചു ലക്ഷം പേർക്കാണ് വയറിളക്കം ബാധിച്ചത്. പകർച്ചവ്യാധി ബാധിച്ച് 568 പേർ മരിച്ചു. ഗുരുദേവൻ പഠിപ്പിച്ചത് പാലിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണിത്. രാജ്യത്ത് ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അതു മുതലെടുക്കാൻ കുത്തകകൾ കേരളത്തിലെ ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നു. ഇത് ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ വ്യക്തിശുചിത്വത്തിന്റെയും കേന്ദ്രങ്ങളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളി പരിസരശുചിത്വം മറന്നതുകൊണ്ടാണ് ഇവിടെ പകർച്ചവ്യാധികൾ പെരുകുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗുരുധർമ്മ പ്രചാരണ സഭ യു.എ.ഇ ഘടകത്തിന്റെ രക്ഷാധികാരി ഡോ. കെ. സുധാകരൻ പറഞ്ഞു. ശരീരത്തിന് ആവശ്യമുള്ളതിനെക്കാൾ ഭക്ഷണം കഴിക്കുകയും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് ചികിത്സ നടത്തുന്നതുമാണ് കേരളത്തിൽ ഇന്ന് കാണുന്ന ദുരവസ്ഥയെന്ന് റിയാക്ട് ഡയറക്ടർ ഡോ.എസ്.എസ്. ലാൽ പറഞ്ഞു.

എഴുത്തുകാരി കെ.എ. ബീന, ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസട്ടന്റ് ഡോ. ആർ. അജയകുമാർ, ആംബോസ് എം.ഡി ഡോ. വരുൺ രാധാകൃഷ്ണൻ, എറുണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെ‌ഡിക്കൽ സയൻസസ് പ്രസിഡന്റ് പ്രദീപ് തങ്കപ്പൻ, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും ഗുരുധർമ്മപ്രചാരണ സഭ മാതൃസഭ സെക്രട്ടറി ശ്രീജ ജി.ആർ നന്ദിയും പറഞ്ഞു.