മെഡിസെപ് പദ്ധതി കാഷ്വാലിറ്റിയിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷാപദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടം ജനുവരി ഒന്നുമുതൽ തുടങ്ങില്ല. സാങ്കേതിക തടസങ്ങളാണ് കാരണം.
കൂടുതൽ സ്പെഷ്യലിസ്റ്റ് ആശുപത്രികളുമായി കരാർ ഒപ്പുവയ്ക്കാനും പദ്ധതിയിൽ നിന്ന് പിൻമാറിയ ആശുപത്രികളെ തിരിച്ചെത്തിക്കാനുമുള്ള നടപടികൾ പൂർണമായിട്ടില്ല. മെഡിസെപ് പ്രീമിയത്തിന് മേൽ ജി.എസ്.ടി ഏർപ്പെടുത്തിയത് പിൻവലിക്കാനുള്ള നീക്കങ്ങളും പൂർത്തിയായില്ല. ഇതെല്ലാം ക്രമീകരിച്ച് ഫെബ്രുവരി ഒന്നുമുതൽ രണ്ടാംഘട്ടം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അതുവരെ നിലവിലെ മെഡിസെപ് ഒന്നാം ഘട്ടം നീട്ടിയിട്ടുണ്ട്. മെഡിസെപ് നടത്തിയിരുന്ന ഒറിയന്റൽ ഇൻഷ്വറൻസ് കമ്പനി തന്നെയാണ് രണ്ടാംഘട്ടത്തിലും കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ അവസാനിച്ച മെഡിസെപിന്റെ അടുത്ത ഘട്ടം ജനുവരി ഒന്നോടെ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ജി.എസ്.ടി ഇളവ് നേടിയില്ല
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രീമിയത്തിനും വ്യക്തിഗത മെഡിക്കൽ ഇൻഷ്വറൻസിനും കേന്ദ്രസർക്കാർ ജി.എസ്.ടി ഇളവ് നൽകിയിട്ടുണ്ട്. ഈ ഇളവ് മെഡിസെപിന് ലഭ്യമാക്കാൻ സംസ്ഥാനത്തിനായില്ല. ഭരണകക്ഷി സർവ്വീസ് സംഘടനകളുൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് ജി.എസ്.ടി.ഇളവ് നേടാനുള്ള ശ്രമം സംസ്ഥാനം തുടങ്ങിയത്. രണ്ടാംഘട്ട മെഡിസെപിന്
പ്രീമിയമായി പെൻഷൻകാരിലും ജീവനക്കാരിലും നിന്ന് ഈടാക്കുക 8,327രൂപയാണ്. 18%ജി.എസ്.ടിയും ചേരുമ്പോൾ 9,719രൂപയാകും. പ്രതിമാസം കണക്കാക്കുമ്പോൾ 810രൂപ വരും.ജി.എസ്.ടി ഒഴിവാക്കിയാൽ ഇത് 700 രൂപയാകും.സംസ്ഥാന ജി.എസ്.ടിയുടെ അഡ്വാൻസ് റൂളിംഗ് അതോറിട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
വിസമ്മതം മാറ്റാൻ ശ്രമം
മെഡിസെപ് കവറേജ് അഞ്ചു ലക്ഷം രൂപയായി ഉയർത്തുകയും കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്പെഷ്യലിസ്റ്റ് ആശുപത്രികളും വൻകിടസ്വകാര്യ ആശുപത്രികളും പദ്ധതിയിൽ സഹകരിക്കാൻ വിസമ്മതിക്കുകയാണ്. അതോടെ മെഡിസെപിൽ ചേരുന്നതിനും ചേരാതിരിക്കാനും ഓപ്ഷൻ വേണമെന്ന് ജീവനക്കാർ വാദിക്കുന്നു. ഈ സാഹചര്യത്തിൽ കഴിയുന്നത്ര ആശുപത്രികളുമായി മെഡിസെപ് കരാർ ഒപ്പുവയ്ക്കാനാണ് നീക്കം. അതിനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് രണ്ടാം ഘട്ടം തുടങ്ങുന്നത് നീട്ടിയത്.