കടുവ കുടുങ്ങി, നാടിന് ആശ്വാസം

Wednesday 31 December 2025 12:17 AM IST

കോന്നി : കിണറ്റിൽവീണ കടുവ വനംവകുപ്പിന്റെ വലയിൽ കുടുങ്ങിയതോടെ വില്ലൂന്നിപാറ, ചിറ്റാർ നിവാസികൾക്ക് ആശ്വാസം. പുലർച്ചെ കടുവ കിണറ്റിൽ വീണത് മുതൽ ചിറ്റാർ, സീതത്തോട്, മണിയാർ, നീലിപിലാവ്, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകളാണ് വിലൂന്നിപ്പാറയിലേക്ക് എത്തിയത്. തിരക്ക് കൂടിയതോടെ കടുവയെ പുറത്തെത്തിക്കുവാനുള്ള വനപാലകരുടെ ദൗത്യത്തിനും സങ്കീർണ്ണതയേറി. ആളുകൾ കിണറിന് ചുറ്റും തിങ്ങിനിറഞ്ഞതോടെ ഇരുമ്പ് വലയടക്കം ഉപയോഗിച്ച് കിണർ മൂടി. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിന് ശേഷമാണ് കടുവയെ മയക്കുവെടി വയ്ക്കുന്നത് അടക്കമുള്ള നടപടികൾക്ക് വനംവകുപ്പും പൊലീസും അഗ്നി രക്ഷാസേനയും നേതൃത്വം നൽകിയത്. തേക്കടിയിൽ നിന്നും വയനാട്ടിൽ നിന്നും എത്തിയ വനം വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.അരുൺ, ഡോ.സിജു, ഡോ.അതുൽ, ഡോ.വിഷ്ണു, പി.റ്റി.ആറിൽ നിന്നുള്ള ഗണേഷ്, അരുൺകുമാർ, മനു, കുട്ടൻ എന്നിവരായിരുന്നു മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികൾ ക്രമീകരിച്ചത്. മയക്കുവെടിയേറ്റ് വലയിലായതിനുശേഷം നൂറ് കിലോയോളം ഭാരം വരുന്ന കടുവയെ കരയ്ക്ക് കയറ്റിയ അധികൃതർ വനംവകുപ്പിന്റെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.