യോഗം തിരഞ്ഞെടുപ്പ്: എല്ലാ അംഗങ്ങൾക്കും വോട്ടവകാശമെന്ന ഉത്തരവ് റദ്ദാക്കി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രാതിനിദ്ധ്യ വോട്ടവകാശത്തിനുള്ള വ്യവസ്ഥ അസാധുവാക്കുകയും എല്ലാ അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുകയും ചെയ്ത സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. യോഗത്തിന് കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമാണ് ബാധകമെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടത്തലും റദ്ദാക്കി.
സിംഗിൾബെഞ്ച് ഉത്തരവിനെതിരെ എസ്.എൻ.ഡി.പി യോഗം അടക്കം സമർപ്പിച്ച നാല് അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.
യോഗത്തിന് ബാധകം കേന്ദ്ര കമ്പനി നിയമമാണെന്നും, പ്രാതിനിദ്ധ്യ വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള 1974 ആഗസ്റ്റ് 20ലെ കേന്ദ്ര സർക്കാർ ഉത്തരവിന് ഇപ്പോഴും പ്രാബല്യമുണ്ടെന്നും ഹർജിക്കാർ വാദിച്ചിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ അധികാരപ്പെട്ട അതോറിറ്റി മൂന്നു മാസത്തിനകം വ്യക്തത വരുത്തണമെന്ന് ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. 2009 ഫെബ്രുവരി 2ന് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ട് തീരുമാനമെടുക്കാനാണ് ഉത്തരവ്.
യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്നു വിലയിരുത്തി 2022 ജനുവരി 24ന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയത്. എസ്.എൻ.ഡി.പി യോഗത്തിന് കേരളത്തിന് പുറത്തും പ്രവർത്തനങ്ങൾ ഉള്ളതിനാൽ കേന്ദ്ര നിയമമാണ് ബാധകമെന്നും പ്രാതിനിദ്ധ്യ വോട്ടവകാശം നിലനിറുത്തണമെന്നും യോഗത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുരുവിന്റെ ഉദ്ബോധനങ്ങൾ
സാർവലൗകികം: ഹൈക്കോടതി
ശ്രീനാരായണ ഗുരു പഠിപ്പിച്ച കാര്യങ്ങൾ ലളിതമെങ്കിലും സാർവലൗകികമാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു ദേശത്ത് ഒതുങ്ങുന്നതല്ലെന്ന വാദത്തിന് പ്രതികരണമായാണ് കോടതി ഇതുപറഞ്ഞത്. സത്യാന്വേഷികൾക്ക് വെളിച്ചം പകർന്ന ഗുരുവിനെ ദൈവത്തിന്റെ അവതാരമായാണ് അനുയായികൾ കാണുന്നത്. 'ഗുരുദേവൻ" എന്നാണ് വിളിക്കുന്നത്. ജാതീയത, ചൂഷണം, അയിത്തം തുടങ്ങിയവയുടെ ദൂഷ്യഫലങ്ങളിൽ കേരളം ഉഴലുന്ന കാലത്ത് ആത്മീയവും ധാർമ്മികവും ഭൗതികവുമായ വിപ്ലവത്തിന് അവ വഴിയൊരുക്കി. പരിവർത്തന ശക്തിയായി മതങ്ങൾക്ക് എങ്ങനെ പ്രവർത്തിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം പ്രത്യാശയുടെ കിരണങ്ങളാണ് നൽകിയത്. ഗുരുവിന്റെ സന്ദേശങ്ങൾ കാലാതീതമാണെന്നും കോടതി പറഞ്ഞു.