വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ ജനുവരി 1ന്

Wednesday 31 December 2025 1:23 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം

തിരുവനന്തപുരം: ആരോഗ്യകരമായ ജീവിതത്തിന് പുതുവർഷത്തിൽ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്' ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം,ഉറക്കം,ആരോഗ്യ പരിപാലനം എന്നീ 4ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പെയിൻ. 2026ലെ പുതുവത്സര പ്രതിജ്ഞയ്‌ക്കൊപ്പം അവ പാലിക്കപ്പെടുന്നൂവെന്ന് ഉറപ്പാക്കലാണ് ആഹ്വാനം. ജനുവരി ഒന്നിന് 10ലക്ഷത്തോളം പേർ പുതുതായി വ്യായാമത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ മന്ത്രി പറഞ്ഞു. ആർദ്രം മിഷൻ 2ക്യാമ്പയിനിലെ പദ്ധതികളുടെ തുടർച്ചയാണ് ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്. ജീവിതശൈലി രോഗ പ്രതിരോധം,ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്നീ ജനകീയ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. അങ്കണവാടികൾ മുതൽ ഐ.ടി പാർക്ക് വരെ വ്യായാമ സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ വ്യാഴം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. കാസർകോട് നിന്ന് കഴിഞ്ഞ 26ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച വിളംബര ജാഥയുടെ സമാപനവും നടക്കും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ,എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ,ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ.കെ.എസ്.പ്രിയ എന്നിവർ പങ്കെടുത്തു .