പാലഭിഷേക പ്രതിഷേധം!

Wednesday 31 December 2025 12:57 AM IST
വിഷ്ണു പാൽ തലവഴി ഒഴിച്ച് പ്രതിഷേധിക്കുന്നു

പരവൂർ: മിൽമ സൊസൈറ്റിയിൽ പാൽ അളക്കാത്തതിൽ പ്രതിഷേധിച്ച് പാൽ സ്വന്തം തലവഴി ഒഴിച്ച് യുവാവിന്റെ പ്രതിഷേധം. പരവൂർ നെടുങ്ങോലത്ത് പ്രവർത്തിക്കുന്ന കൂനയിൽ ക്ഷീരോത്പാദന സഹകരണ സംഘത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പരവൂർ പെരുമ്പുഴ സ്വദേശി വിഷ്ണുവാണ് പാൽ തലയിൽ ഒഴിച്ചത്. താൻ കൊണ്ടുവരുന്ന പാൽ സ്ഥിരമായി പലകാരണങ്ങൾ ചൂണ്ടിക്കാട്ടി സൊസൈറ്റി ജീവനക്കാർ നിരസിക്കുകയാണെന്നാണ് ഇയാളുടെ പരാതി. എന്നാൽ സൊസൈറ്റിയുടെ പൊതുയോഗം എടുത്ത തീരുമാന പ്രകാരമാണ് പാൽ ഏടുക്കാത്തതെന്ന് ജീവനക്കാർ പറയുന്നു. വിഷ്ണുവിന് അറുപതോളം പശുക്കളുണ്ട്. ഇവയുടെ പാൽ കലർത്തിയാണ് ഇയാൾ സൊസൈറ്റിയിൽ എത്തിക്കുന്നത്. മറ്റുള്ളവർ അളക്കുന്ന പാലുമായി വിഷ്ണു നൽകുന്ന പാൽ കൂട്ടിക്കലർത്തുമ്പോൾ പിരിഞ്ഞുപോകുന്നുവെന്ന് കണ്ടെത്തിയതിനെ തു‌ടർന്ന്,വിഷയം പൊതുയോഗത്തിൽ അവതരിപ്പിക്കുകയും വിഷ്ണു കൊണ്ടുവരുന്ന പാൽ അളക്കേണ്ടന്ന് തീരുമാനിക്കുകയുമായിരുന്നെന്ന് സൊസൈറ്റി പ്രസിഡന്റ് വിശദീകരിച്ചു. വിവരം വിഷ്ണുവിനെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പരവൂർ പൊലീസ് കേസ് എടുത്തു.