സ്പോർട്സ് 2025 മാറ്റങ്ങളുടെ വർഷം, വേർപാടുകളുടേയും
കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷമാണ് കടന്നുപോകുന്നത്. ദേശീയ കായിക നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും ചരിത്രത്തിലാദ്യമായി കായിക നിയമം കൊണ്ടുവന്നതുമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാറ്റം. സ്പോർട്സിനെ രാജ്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പുതിയ കായികനയം കായിക പ്രതിഭകളെ ചെറുതിലേ കണ്ടെത്താനും അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2001ലെ കായിക നയത്തിന് പകരമാണിത്.
ഉത്തേജക ഉപയോഗം തടയാൻ നിയമനിർമാണം ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതാണ് നയം. കായികനയം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ കായിക ഭരണ ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കി കായികമേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ , കായിക ഫെഡറേഷനുകളുടെ നിയന്ത്രണത്തിനായി റഗുലേറ്ററി ബോർഡ് തുടങ്ങിയ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ബിൽ.
ഖാലിദിന്റെ വരവും
ഛെത്രിയുടെ പോക്കും
വിദേശ പരിശീലകർക്ക് കീഴിൽ ഫിഫ റാങ്കിംഗിൽ താഴേക്ക് പോയ ഇന്ത്യൻ ടീമിന് പുതിയ പരിശീലകൻ എത്തിയത് ഈ വർഷമാണ്; ഖാലിദ് ജമീൽ എന്ന 48കാരൻ. സ്പെയ്ൻകാരനായ മനോലോ മാർക്വേസിനെ മാറ്റിയാണ് ഖാലിദിനെ കോച്ചാക്കിയത്. എന്നാൽ ടീമിന്റെ വിധിയിൽ വലിയ മാറ്റമൊന്നും കൊണ്ടുവരാൻ ഖാലിദിനും കഴിഞ്ഞില്ല. എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ടിൽ വിജയം നേടാനാകാതെ ഇന്ത്യയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ഇന്ത്യൻ ഫുട്ബാളിനെ അതിലേറെ സങ്കടപ്പെടുത്തിയത് വിരമിക്കൽ പിൻവലിച്ച് തിരിച്ചുവന്ന സുനിൽ ഛെത്രിക്ക് ടീമിൽ ഒരു സ്വാധീനവും ചെലുത്താനാകാതെ തന്റെ വിരമിക്കൽ തീരുമാനത്തിലേക്ക് മടങ്ങിപ്പോകേണ്ടിവന്നതാണ്. വിബിൻ മോഹനൻ, അയ്മൻ, സുഹൈൽ സനാൻ,മുഹമ്മദ് ഉവൈസ് എന്നീ മലയാളികൾ ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിൽ അരങ്ങേറിയതും ഈ വർഷമാണ്.
കോടതി കയറിയ
ഐ - ലീഗ് കിരീടം
അന്താരാഷ്ട്ര കായിക കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഇന്റർ കാശി ഫുട്ബാൾ ക്ളബ് ഈ വർഷത്തെ ഐ ലീഗ് ഫുട്ബാൾ ചാമ്പ്യന്മാരായി. ആദ്യമായി ഇന്ത്യൻ ഫുട്ബാൾ ലീഗിലെ തർക്കത്തിൽ ഇടപെട്ട അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയാണ് ( കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ട്) ഇന്റർ കാശിയെ ജേതാക്കളായി പ്രഖ്യാപിച്ചത്. അതേസമയം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും സ്വകാര്യകമ്പനിയും തമ്മിലുള്ള കരാർ പുതുക്കാനാകാത്തതിനാൽ ഈ സീസണിലെ ഐ.എസ്.എൽ മത്സരങ്ങൾ ഇതുവരെ തുടങ്ങാനാവാത്ത ദുരവസ്ഥയിലാണ്. ഫുട്ബാൾ ഫെഡറേഷനിലെ പ്രശ്നങ്ങൾ തീർക്കാൻ സുപ്രീം കോടതി ഇടപെടൽ തന്നെ വേണ്ടിവന്നു.
ഏഷ്യാകപ്പുയർത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം
ബിഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീം കിരീടം നേടി . ഫൈനലിൽ ദക്ഷിണകൊറിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.ഇതോടെ 2026ൽ ബെൽജിയത്തിലും ഹോളണ്ടിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യതയും ലഭിച്ചു. ചെന്നൈയിൽ നടന്ന ജൂനിയർ പുരുഷ ലോകകപ്പിൽ പി.ആർ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ടീമിന് വെങ്കലം ലഭിച്ചു.
100 വയസ് തികഞ്ഞ്
ഇന്ത്യൻ ഹോക്കി
ഈ വർഷം ഇന്ത്യൻ ഹോക്കിക്ക് 100 വയസ് തികഞ്ഞു. 1925 നവംബർ 7ന് ഗ്വാളിയോറിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ (IHF) രൂപംകൊണ്ടതോടുകൂടിയാണ് ഇന്ത്യയിൽ ഹോക്കിക്ക് സംഘടിതമായ രൂപമുണ്ടാകുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരണത്തിന്റെ നൂറാം വാർഷികം ഹോക്കി ഇന്ത്യ (ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ പുതിയ പേര്) സമുചിതമായാണ് ആഘോഷിച്ചത്. 2025 നവംബർ 7ന് രാജ്യത്ത് ആയിരത്തോളം ഹോക്കി മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കേരളത്തിലും ഇതിന്റെ ഭാഗമായ ആഘോഷങ്ങൾ നടന്നു.
ഏഷ്യൻ അക്വാട്ടിക്സ് :
13 മെഡലുകളുമായി ഇന്ത്യ
അഹമ്മദാബാദിൽ നടന്ന ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 13 മെഡലുകൾ നേടി ഇന്ത്യ. സ്വർണമെഡൽ നേടാനായില്ലെങ്കിലും നാലു വെള്ളിയും ഒൻപത് വെങ്കലങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. 40 സ്വർണവും 10 വെള്ളിയും നാലുവെങ്കലങ്ങളും ഉൾപ്പടെ 54 മെഡലുകൾ നേടിയ ചൈനയാണ് ഏഷ്യൻ ചാമ്പ്യന്മാരായത്. മലയാളിതാരം സജൻ പ്രകാശ് റിലേയിൽ വെള്ളിയും 200 മീറ്റർ ബട്ടർഫ്ളൈയിൽ വെങ്കലവും നേടി.
സ്കൂൾ കായിക മേളയിൽ
തിരുവനന്തപുരം
ഒളിമ്പിക്സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ രണ്ടാം തവണയും ഓവറാൾ ചാമ്പ്യൻമാരായി തലസ്ഥാന ജില്ല.സ്വർണ നേട്ടത്തിൽ ഇരട്ട സെഞ്ച്വറി കുറിച്ച് 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവുമുൾപ്പെടെ 1825 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വന്തം തട്ടകത്തിലും തിരുവനന്തപുരത്തിന്റെ പട്ടാഭിഷേകം.91 സ്വർണവും 56 വെള്ളിയും 109 വെങ്കലവുമടക്കം 892 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്പ്.
ലോക അത്‌ലറ്റിക്സിൽ വീണ്ടും അമേരിക്കൻ ആധിപത്യം
ഒരിക്കൽക്കൂടി അമേരിക്കൻ മെഡൽ ആധിപത്യത്തിന് സാക്ഷ്യം വഹിച്ച് ജപ്പാനിലെ ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്. 16 സ്വർണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമടക്കം 26 മെഡലുകൾ നേടിയാണ് അമേരിക്ക ചാമ്പ്യന്മാരായത്. ഏഴ് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവുമടക്കം 11 മെഡലുകൾ നേടിയ കെനിയയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും നീരജ് ചോപ്രയിലൂടെ മെഡൽ നേടിയിരുന്ന ഇന്ത്യയ്ക്ക് ഇക്കുറി മെഡൽപ്പട്ടികയിൽ എത്താനേ കഴിഞ്ഞില്ല. ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനായിരുന്ന നീരജ് എട്ടാമതായത് ഇന്ത്യയ്ക്ക് വലിയ നിരാശയായി മാറി.
വേദനിപ്പിച്ച
വിടപറയലുകൾ
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ഗോൾ കീപ്പറുമായ മാനുവൽ ഫ്രെഡറിക്ക്,ആദ്യമായി സന്തോഷ്ട്രോഫി നേടിയ കേരള ടീമംഗമായിരുന്ന നജിമുദ്ദീൻ, ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ അഭിമാനം വാനോളമുയർത്തിയ മുൻ മുഖ്യപരിശീലകനും,ദ്രോണാചാര്യ ജേതാവുമായ പ്രൊഫ.സണ്ണി തോമസ്, പോർച്ചുഗൽ ഫുട്ബാൾ ടീമിന്റേയും ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന്റേയും സ്ട്രൈക്കർ ഡിയോഗോ ജോട്ട,1972 മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗവും 1996 ഒളിമ്പിക്സിലെ ടെന്നിസ് വെങ്കലമെഡലിസ്റ്റ് ലിയാൻഡർ പെയ്സിന്റെ പിതാവുമായ ഡോ. വേസ് പെയ്സ്, മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റുമായ എം.ബാബുരാജ്,രാജ്യാന്തര ലോംഗ് ജമ്പ് താരവും സാഫ് ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ എം.സി സെബാസ്‌റ്റ്യൻ തുടങ്ങിയ നിരവധി കായികപ്രതിഭകൾ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞ വർഷവും കൂടിയാണ് 2025.