അഞ്ചിലും ഇന്ത്യ

Wednesday 31 December 2025 1:18 AM IST

അഞ്ചാം ട്വന്റി-20യിലും ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

കാര്യവട്ടത്ത് ഇന്ത്യൻ വനിതകളുടെ തുടർച്ചയായ മൂന്നാം ജയം

ഹർമൻപ്രീത് പ്ളേയർ ഒഫ് ദ മാച്ച്, ഷെഫാലി പ്ളേയർ ഒഫ് ദ സിരീസ്

തി​രുവനന്തപുരം : ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20യിലും ഉജ്ജ്വലവിജയം നേടി ഇന്ത്യൻ വനിതകൾ. ഇന്നലെ കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തിൽ 15 റൺസിന് ജയിച്ചാണ് 5-0ത്തിന് പരമ്പര തൂത്തുവാരിയത്. കാര്യവട്ടത്തെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇന്ത്യയുടേത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 175/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ലങ്കയ്ക്ക് 160/7ലേ എത്താനായുള്ളൂ. ഒരറ്റത്ത് വി​ക്കറ്റുകൾ പൊഴി​യുമ്പോഴും മറ്റേ അറ്റത്ത് നായി​കയുടെ ഉത്തരവാദി​ത്വത്തോടെ ബാറ്റുചെയ്ത ഹർമൻപ്രീത് കൗറി​ന്റെ അർദ്ധസെഞ്ച്വറി​(68)യാണ് ഇന്ത്യയെ ഈ സ്കോറി​ലെത്തി​ച്ചത്. 43 പന്തുകൾ നേരിട്ട ഹർമൻപ്രീത് ഒൻപത് ഫോറുകളുടേയും ഒരു സിക്സിന്റേയും അകമ്പടിയോടെയാണ് പരമ്പരയിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയത്.

കഴി​ഞ്ഞ മൂന്നുകളി​കളി​ലും അർദ്ധ സെഞ്ച്വറി​ നേടി​യി​രുന്ന ഷെഫാലി​ വെർമ്മ(5) ഇന്നലെ രണ്ടാം ഓവറിൽതന്നെ കൂടാരം കയറി.സ്മൃതിക്ക് പകരം ഓപ്പണറായെത്തിയ കമലിനി(12) രണ്ട് ബൗണ്ടറികൾ പായിച്ചെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല.അഞ്ചാം ഓവറിൽ ദിൽഹാരയുടെ പന്തിൽ കമാലിനിയുടെ അരങ്ങേറ്റ ഇന്നിംഗ്സ് അവസാനിച്ചു. പിന്നാലെ ഹർലീൻ ഡിയോൾ (13), റിച്ച ഘോഷ് (5),ദീപ്തി ശർമ്മ(7) എന്നിവർ കൂടി കൂടാരം കയറിയതോടെ ഇന്ത്യ 10.4 ഓവറിൽ 77/5 എന്ന നിലയിലായി.

എന്നാൽ ആറാം വിക്കറ്റിൽ ഒരുമിച്ച അമൻജോത് കൗറിനെ(21)ക്കൂട്ടി ഹർമൻ 100കടത്തി. 17-ാം ഓവറിൽ അമൻജോത് പുറത്താകുമ്പോൾ ഇന്ത്യ 138/6ലെത്തിയിരുന്നു. അടുത്ത ഓവറിൽ ടീംസ്കോർ 142 റൺസിലെത്തിയപ്പോഴാണ് ഹർമൻപ്രീത് പുറത്തായത്. തുടർന്ന് അരുന്ധതി റെഡ്ഡിയും (11പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കം 27നോട്ടൗട്ട് ) സ്നേഹ്‌ റാണയും (8*) ചേർന്ന് 175ലെത്തിച്ചു.

ലങ്കയ്ക്ക് വേണ്ടി ക്യാപ്ടൻ ചമരി അട്ടപ്പട്ടു, രശ്മിക സെവ്വാന്ദി,കവിഷ ദിൽഹരി എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ക്യാപ്ടൻ ചമരി അട്ടപ്പട്ടുവിനെ (2) രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും ഹസിനി പെരേര(45), ഇമേഷ ദുലാനി(50) എന്നിവരുടെ പോരാട്ടം ആവേശം പകർന്നു.12-ാം ഓവറിൽ ഇമേഷയെ അമൻജോത് പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. നീലാക്ഷികയെ(3) ദീപ്തിയും കവിഷയെ വൈഷ്ണവിയും പുറത്താക്കിയതോടെ ലങ്ക 107/4 എന്ന നിലയിലായി.17-ാം ഓവറിൽ ഹാസിനിയെ(65) ശ്രീചരണി ബൗൾഡാക്കിയത് ലങ്കയ്ക്ക് വലിയ തിരിച്ചടിയായി.