സി.പി.ഐ എക്സിക്യൂട്ടിവിൽ വിമർശനം, സർക്കാർ തീരുമാനങ്ങൾ മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു, സി.പി.എം തിരുത്തുന്നില്ല

Wednesday 31 December 2025 1:58 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. സർക്കാർ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്‌ക്കെടുക്കുന്നു. മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാൽ ചൂണ്ടിക്കാണിക്കാൻ ആരുമില്ല. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുക്കുമ്പോൾ തിരുത്താൻ സി.പി.എം മുൻകൈയെടുക്കുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് പിണറായി വിരോധവും ഭരണ വിരുദ്ധവികാരവുമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൂടിയ രണ്ടു ദിവസത്തെ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.

മുഖ്യമന്ത്രിയുടെ സാമുദായിക നേതാക്കളുമായുള്ള പരിധിവിട്ട ചങ്ങാത്തം തിരിച്ചടിയായി. സർക്കാരിലും മുന്നണിയിലും സി.പി.എമ്മിന് ഏകാധിപത്യമാണ്. നയപരമായ വിഷയങ്ങളിൽ പോലും ക്രിയാത്മകമായി ചർച്ച നടക്കുന്നില്ല. പി.എം ശ്രീ പദ്ധതി ഉദാഹരണമാണ്. സർക്കാരിന്റെ വികസന, സേവന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടില്ല. മുന്നണി യോഗങ്ങളിൽ ചർച്ചയില്ലാതെ തീരുമാനം അടിച്ചേൽപ്പിക്കുന്നു.

മുസ്ലിം മതന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റാനുള്ള യു.ഡി.എഫ് അജണ്ട ഏറെക്കുറെ നടപ്പായി. ഭരണത്തിന് നേതൃത്വം നൽകുന്നവരുടെ പ്രസ്താവനകൾ ഇതിന് സഹായകരമായി. മുഖ്യമന്ത്രിയുടെ പല പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ ജോലി എളുപ്പമാക്കി. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അതിവേഗ തിരുത്തലുകൾ അനിവാര്യമാണെന്നും അഭിപ്രായമുയർന്നു.

നുണകളെ പ്രതിരോധിക്കാനായില്ല

തിരഞ്ഞെടുപ്പ് തോൽവിയേക്കാൾ പ്രധാനമായി കാണേണ്ടത് ഇടതുമൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്ന് ജില്ലാ സെക്രട്ടറിമാർ വിമർശിച്ചു. ജനങ്ങളെ എതിരാക്കുന്ന നുണകൾ പലതും ഉയർന്നു വന്നിട്ടും പ്രതിരോധിക്കാനായില്ല. സർക്കാരിനെതിരായി ജനങ്ങളെ തിരിച്ചുവിടാനുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ തന്ത്രജ്ഞരുടെ സംഘങ്ങൾ സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരായി പ്രവർത്തിച്ചു. അത് തടയാനായില്ലെന്നും വിമർശമുയർന്നു.