മണിയെയും കൂട്ടാളികളെയും ചോദ്യം ചെയ്തത് 9 മണിക്കൂർ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് ദിണ്ഡിഗലിലെ ഡി.മണിയെയും കൂട്ടാളികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരെയും 9 മണിക്കൂറോളം എസ്.ഐ.ടി ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ ഇവർ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവുകയായിരുന്നു. രാത്രി ഏഴരയോടെയാണ് വിട്ടയച്ചത്. നാല് അഭിഭാഷകർക്കൊപ്പമാണ് മണിയെത്തിയത്. ബാലമുരുകനൊപ്പം ഭാര്യയുമെത്തിയിരുന്നു. എസ്.ഐ.ടി ആവശ്യപ്പെട്ട അക്കൗണ്ട്- ആദായനികുതി രേഖകളടക്കം മണി ഹാജരാക്കിയെന്നാണ് സൂചന. ചോദ്യം ചെയ്യലിനു ശേഷം മൂവരും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. വീണ്ടും വിളിച്ചുവരുത്തുമെന്നാണ് സൂചന.
അന്താരാഷ്ട്ര പുരാവസ്തു ഇടപാടുകാരുമായി ബന്ധമുള്ള തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി ഡി. മണിക്ക് തിരുവനന്തപുരത്തുവച്ച് സ്വർണ ഉരുപ്പടികൾ പോറ്റി വിറ്റെന്ന് പ്രവാസി വ്യവസായി എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. ഇത് ശബരിമലയിലെ ഉരുപ്പടികളാണെന്നാണ് അനുമാനം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് മൂവരെയും ചോദ്യം ചെയ്തത്. രാവിലെ 11.30ന് എസ്.ഐ.ടി തലവൻ എച്ച്. വെങ്കടേഷും ഇവരെ ചോദ്യം ചെയ്യാനായി എത്തിയിരുന്നു. ഏതാണ്ട് 45 മിനിട്ടോളം എ.ഡി.ജി.പിയും ഇവരുടെ മൊഴിയെടുത്തു. ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി താൻ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് നേരത്തെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചും എസ്.ഐ.ടി ചോദിച്ചറിഞ്ഞു. തയ്യൽക്കാരനായ ബാലമുരുകന്റെ പേരിൽ എടുത്ത മൊബൈൽ ഫോൺ കണക്ഷനുകളാണ് മണി ഉപയോഗിച്ചിരുന്നത്. വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പഴയ പാത്രങ്ങളും പുരാവസ്തുക്കളുമൊക്കെ വിൽക്കുന്ന ബിസിനസാണ്.
വമ്പന്മാരുടെ ബിനാമി?
മണി ഉപയോഗിക്കുന്ന 3 സിംകാർഡുകളിലെയും വിളികളെല്ലാം എസ്.ഐ.ടി പരിശോധിക്കുകയാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയസ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയാണ് മണിയെന്ന് എസ്.ഐ.ടി സംശയിക്കുന്നു. സ്വർണപ്പാളികൾ അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് കൈമാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്.
ലോഹക്കച്ചവടക്കാർക്കിടയിൽ ദാവൂദ് മണിയെന്ന് അറിയപ്പെടുന്ന ഡി. മണിയും പോറ്റിയും തമ്മിൽ സ്വർണ ഉരുപ്പടികളുടെ ഇടപാട് നടന്നെന്നും അത് ശബരിമലയിലെ സ്വർണ ഉരുപ്പടികളാണെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. വിലപേശലിലെ തർക്കം കാരണം താൻ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.