ശബരിമല സ്വർണക്കൊള്ള മൂന്ന് പ്രതികളെ ഒന്നി​ച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്.ഐ.ടി

Wednesday 31 December 2025 2:44 AM IST

കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളെ ഒരുമിച്ച് കസ്റ്റഡിയിൽ ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഒൻപതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർദ്ധൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നടപടി.

മൂന്ന് പ്രതികളെയും ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എസ്.ഐ.ടിയുടെ ആവശ്യം.

പത്മകുമാറിന്റെ റിമാൻഡ് നീട്ടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡിഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കുകൂടി നീട്ടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷയിലുള്ള വി​ധി​ 7ന് പറയും. പത്മകുമാറിന്റെ അറസ്റ്റ് നിയമാനുസൃതമല്ലെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് അറസ്‌റ്റെന്ന് പ്രോസിക്യൂഷൻ വാദിച്ചു.