ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല, പൊലീസുകാരനെ സ്റ്റേഷന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തി

Wednesday 31 December 2025 6:44 AM IST

ആലപ്പുഴ: മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാറാണ് (45) മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് പോയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചുപൂട്ടിയ ടെറസിൽ സന്തോഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബമാണ്. സന്തോഷ് കുമാറിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണത്തിനുപിന്നിൽ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.