'ഇന്ത്യയുടെ ബഹുസ്വരത തകർക്കുകയാണ്, ഐതിഹ്യങ്ങളെയും ഭാവനകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിക്കുന്നു'; ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാത്ഥിഥിയായിരുന്നു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ് എം പി, വി ജോയ് എം എൽ എ, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
'കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിനു നിത്യപ്രചോദനമായി മാറിയ ശിവഗിരി തീര്‍ത്ഥാടനത്തിന് 93 വര്‍ഷമാവുകയാണ്. മൂന്നുവര്‍ഷം കൂടി കഴിയുമ്പോള്‍ ശ്രീനാരായണ ഗുരുസമാധിയുടെ ശതാബ്ദിയും വരികയാണ്. എന്നു പറഞ്ഞാല്‍, ഗുരുവിന്റെ സാന്നിധ്യവും മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഗുരു സന്നിവേശിപ്പിച്ച ദര്‍ശനമാഹാത്മ്യവും സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടോളമാവുന്നു.
ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മുടെ നാട്ടില്‍ നടമാടിയിരുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ക്ക് എതിരെയായിരുന്നുവല്ലോ ഗുരു പറഞ്ഞതും പ്രവര്‍ത്തിച്ചതും. ജീവിത ചുറ്റുപാടുകളില്‍ കാണുകയും അനുഭവിക്കാനിടയാവുകയും ചെയ്ത അസംബന്ധ പ്രവണതകള്‍ക്ക് എതിരെയായിരുന്നു അദ്ദേഹം ഓരോ വാക്കും ഉരുവിട്ടത്. ദൈവദശകമോ ദര്‍ശനമാലയോ ആത്മോപദേശ ശതകമോ അനുകമ്പാദശകമോ പോലുള്ള കൃതികള്‍ രചിച്ചതും ഇത്തരം അനുഭവ സാക്ഷ്യത്തില്‍ നിന്നാണ്. അരുവിപ്പുറത്തെ പ്രതിഷ്ഠയില്‍ പറഞ്ഞ 'സോദരത്വേന' പല രൂപങ്ങളില്‍ ഗുരുവിന്റെ എല്ലാ കൃതികളുടെയും അന്തര്‍ധാരയായി പ്രവഹിക്കുകയും ചെയ്തു.
അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം കേരളീയ നവോത്ഥാനം ആരംഭിക്കുന്നത് എന്ന കാര്യം നമുക്കറിവുള്ളതാണല്ലോ. ഈ പ്രതിഷ്ഠയിലൂടെ ഗുരു നല്‍കിയത് അന്നു നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ തകര്‍ക്കുക എന്ന സന്ദേശം തന്നെയായിരുന്നു. ജാതി വ്യത്യാസത്തിന്റെ കന്മതിലുകള്‍ തീര്‍ത്ത ഈ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ സ്വാതന്ത്ര്യം നേടാന്‍ കഴിയില്ല എന്ന് ഗുരുവിന് അറിയാമായിരുന്നു. അങ്ങനെ പ്രതീകാത്മകമായ ഒരു വിപ്ലവത്തിന് പ്രാരംഭം കുറിക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്.
അന്നത്തെ തിരുവിതാംകൂറിലെ ഭരണവ്യവസ്ഥ രാജാധികാരത്തിലും നാടുവാഴിത്തത്തിലും കെട്ടിപ്പൊക്കിയതായിരുന്നു. ബ്രാഹ്‌മണനും ക്ഷത്രിയനും അധികാരം കൈയ്യാളുകയും ബഹുജനമാകെ അടിമത്തത്തിന്റെ അപമാനഭാരം പേറി ജീവിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ ആദ്യ പടിയായിരുന്നു ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുക എന്നത്.
ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുക എന്നതിനര്‍ത്ഥം ജാതിവ്യവസ്ഥകളുടെ യുക്തിയെ തകര്‍ക്കുക എന്നതായിരുന്നു.
അന്നത്തെ നാടുവാഴി - ജന്മി വ്യവസ്ഥയുടെ ധാര്‍മികത ജാതിയായിരുന്നു. മേല്‍ ജാതി, കീഴ് ജാതി എന്നിങ്ങനെ തട്ടുകളായി വിഭജിക്കപ്പെട്ട ജാതിഘടനയുടെ ചട്ടക്കൂടിലാണ് മനുഷ്യന്‍ മനുഷ്യനെത്തന്നെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരുന്നത്. ആ ചൂഷണ വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ബ്രാഹ്‌മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തയുടെ ആയുധം ഉയര്‍ന്നത്.
ഈ ക്ഷത്രിയ - ബ്രാഹ്‌മണ അധികാര വ്യവസ്ഥയാകട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീശാധികാരത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്നതുമായിരുന്നു. എന്നു പറഞ്ഞാല്‍, ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും എന്നതുപോലെതന്നെ, സാമ്രാജ്യത്വത്തിന്റെയും അധികാരപ്രയോഗത്തിനെതിരെ ഉയര്‍ന്ന അടിച്ചമര്‍ത്തപ്പെട്ടവന്റെ കലാപം തന്നെയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
ജാതി അന്ന് ഒരു സാമൂഹ്യവ്യവസ്ഥ മാത്രമായിരുന്നില്ല. അടിസ്ഥാനപരമായ ഉല്‍പാദനബന്ധങ്ങളെപ്പോലും നിയന്ത്രിച്ചിരുന്നതു കൂടിയായിരുന്നു ജാതി. ഓരോ ജാതിക്കും ഓരോ തൊഴില്‍. ഓരോ ജാതിക്കുമുള്ള മേല്‍ക്കീഴ് വ്യവസ്ഥകള്‍ തൊഴിലിനും ബാധകമായിരുന്നു. തൊഴിലിനു മാത്രമല്ല, കൂലിക്കും അവകാശങ്ങള്‍ക്കും ചുമതലകള്‍ക്കും അടിസ്ഥാനം ജാതി തന്നെയായിരുന്നു.
ജാതി ഒരു നിയമവ്യവസ്ഥ കൂടിയായിരുന്നു. ഓരോ ജാതിക്കും ഓരോ നിയമങ്ങള്‍. ഓരോ നിയമത്തിനും കര്‍ക്കശമായ അതിര്‍വരമ്പുകള്‍. നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകള്‍ക്കുപോലും ജാതി ഘടനയുടെ മേല്‍ക്കീഴ് ബന്ധമുണ്ടായിരുന്നു.
സവര്‍ണന്‍ അവര്‍ണനെ തല്ലിക്കൊന്നാല്‍ അയാള്‍ക്ക് ഒരു തരം ശിക്ഷയുമില്ല. മറിച്ചായാല്‍ ശിക്ഷ ദണ്ഡനവും മരണവും. തീണ്ടലിനു കാരണം അവര്‍ണനായാലും സവര്‍ണനായാലും ശിക്ഷ അവര്‍ണനു മാത്രം. എന്നു പറഞ്ഞാല്‍, ജാതി ഒരു മര്‍ദ്ദനോപകരണമായിരുന്നു എന്നാണര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍, ജാതി എന്നത് ഭരണകൂടം തന്നെയായിരുന്നു.
ഇത്തരമൊരു കാലസന്ധിയില്‍ നിന്നുകൊണ്ടാണ് ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനത്തെ ഗുരു സ്വപ്നം കണ്ടത്. അതായത്, ആരും ആരുടെമേലും അധികാരപ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും സന്ദേശം തന്നെയാണിത്. ഒരു ജാതിവ്യവസ്ഥയുടെ മേല്‍ക്കോയ്മ തകര്‍ത്തു മറ്റൊരു ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ളതായിരുന്നില്ല, മറിച്ച് ജാതിയേ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. ഇതു പ്രത്യേകം ഓര്‍മ്മവയ്ക്കണം.
ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' എന്ന പ്രഖ്യാപനത്തെ ഈ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കിയാല്‍, അത് ഇന്നത്തെ ദേശകാല പരിസ്ഥിതിയില്‍ ഏറ്റവും പ്രസക്തമായിരിക്കും. ചരിത്രത്തെയും സംസ്‌കാരത്തെയും ദേശീയതലത്തില്‍ ഭരണകൂടാധികാരം തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഇന്ത്യന്‍ സംസ്‌കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയും ഉപസംസ്‌കൃതികളും തകര്‍ക്കുകയാണ്. ഐതിഹ്യങ്ങളെയും കല്‍പ്പിത ഭാവനകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യം. ഇത് സാംസ്‌കാരിക ഫാസിസത്തിന്റെ ദൗത്യം തന്നെയാണെന്നു തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയണം.
ഗുരുവിന്റെ 'സോദരത്വേന' എന്ന സന്ദേശം നമ്മുടെ ഭരണഘടനയുടെ ആമുഖ വചനങ്ങളില്‍ വരെ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ മത - ജാതി വൈജാത്യങ്ങളുടെയും വിഭജനമതിലുകള്‍ക്കപ്പുറം, മനുഷ്യന്‍ ഒന്നാണെന്നും അത് മനുഷ്യത്വത്തിന്റെ ജാതി തന്നെയാണെന്നുമുള്ള കാലാതീതമായ കാഴ്ചപ്പാട് ഗുരു മുന്നോട്ടുവച്ചു.
'മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ മറ്റാരുമീ മധുരാക്ഷരമന്ത്രം ചൊല്ലിയില്ലിന്നേവരെ'
എന്ന് വയലാര്‍ പാടിയത് മതങ്ങള്‍ക്കുമേലേ മനുഷ്യനെ പ്രതിഷ്ഠിച്ച ഗുരുവിന്റെ മധുരോദാരമായ മാനവികതയുടെ ഘോഷണമാണ്.
ലോകം നേരിടുന്ന ഏതു സംഘര്‍ഷങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്ന സര്‍വരോഗനിവാരിണി കൂടിയാണ് ഗുരുവിന്റെ മനുഷ്യസങ്കല്‍പ്പം. ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ആ സങ്കല്‍പ്പങ്ങള്‍ക്കു പ്രസക്തിയേറി വരുന്നു എന്നതുതന്നെ ഗുരുവചനങ്ങളുടെ കാലാതിവര്‍ത്തിയായ സാംഗത്യം വെളിപ്പെടുത്തുന്നു.
നമുക്കറിയാം, ഗുരു കേവലം ഒരു സന്യാസിയായിരുന്നില്ല. സാധാരണ സന്യാസജീവിതം നയിക്കുന്നവരൊക്കെ അധ്യാത്മചിന്തകളില്‍ മാത്രം മുഴുകിക്കഴിയുകയാണ് ചെയ്യുന്നതെങ്കില്‍, ഗുരു ചുറ്റുപാടുമുള്ള ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. മനുഷ്യരിലേക്കും അവരുടെ ജീവിത വഴികളിലേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. അവിടെ തന്റെ മനുഷ്യത്വ മഹാമന്ത്രങ്ങള്‍ കൊണ്ട് പ്രകാശം ചൊരിഞ്ഞു.
അന്ധകാരജടിലമായ ആചാരങ്ങളെ മാത്രമല്ല, അന്ധകാരം കൂടുവച്ച മനസുകളെയും മാറ്റിയെടുക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ഫ്രഞ്ചു ചിന്തകനായ റൊമെയ്ന്‍ റോളണ്ട് 'കര്‍മനിരതനായ ജ്ഞാനി' എന്ന് ഗുരുവിനെ വിശേഷിപ്പിച്ചത്. ജ്ഞാനിയുടെ ഈ കര്‍മനിഷ്ഠയുടെ പ്രതിസ്പന്ദങ്ങളാണ് ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും നമുക്കു കാണാന്‍ കഴിയുക.
ഗുരു സമാധിയാകുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് ശിവഗിരി തീര്‍ത്ഥാടന സന്ദേശം നല്‍കുന്നത്. കൃത്യമായി പറഞ്ഞാല്‍, 1928 ജനുവരി 16 ന്. കോട്ടയം നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ഒരു തേന്മാവിന്‍ ചുവട്ടില്‍ ഗുരു വിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗൃഹസ്ഥ ശിഷ്യന്മാരായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി കെ കിട്ടന്‍ റൈറ്ററും ചേര്‍ന്ന് ഗുരുവിനോട് തീര്‍ത്ഥാടനത്തിന് അനുമതി തേടിയത്. ഗുരു അനുമതി നല്‍കുകയും ചെയ്തു.
ആദ്യം ഗുരു പറഞ്ഞത് ശിവഗിരി തീര്‍ത്ഥാടനം ഈഴവരുടെ മാത്രം തീര്‍ത്ഥാടനമായി മാറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്. എന്നിട്ട് ചില നിബന്ധനകളും ഗുരു ഇരുവരുടെയും മുന്നില്‍ വച്ചു. തീര്‍ത്ഥാടകര്‍ ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളായ വാക്ശുദ്ധി, ശരീരശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയ ശുദ്ധി, ഗൃഹശുദ്ധി എന്നിവ അനുഷ്ഠിച്ച് ആത്മോപദേശ, അഷ്‌ടോത്തരാദി മന്ത്രങ്ങള്‍ ജപിച്ച്, സര്‍വ സാഹോദര്യ മന്ത്രങ്ങള്‍ സ്മരിച്ച് യൂറോപ്യന്മാരുടെ ആണ്ടു പിറപ്പായ ജനുവരി ഒന്നിന് അറിവിന്റെ തീര്‍ത്ഥാടകരായി ശിവഗിരിയില്‍ എത്തിച്ചേരണമെന്നു നിര്‍ദ്ദേശിച്ചു.
എന്നു പറഞ്ഞാല്‍, ശിവഗിരി തീര്‍ത്ഥാടനം ഒരു സര്‍വമത ദര്‍ശന സമന്വയത്തിന്റെ തീര്‍ത്ഥാടനമായിരിക്കണം എന്നാണ് ഗുരു കണ്ടത്. ഇവിടെയും, പാപക്കറ കഴുകിക്കളഞ്ഞ് പുണ്യം നേടുകയെന്ന കേവലമായ തീര്‍ത്ഥാടനത്തിന്റെ സ്ഥലരാശിയിലല്ല ഗുരു സഞ്ചരിച്ചത് എന്നുകാണാം. മറിച്ച്, തന്റെ സന്യാസജീവിതത്തിന്റെ അകം പൊരുളായ ഭൗതികജീവിത പുരോഗതിയുടെ അതിരുകളിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകാന്‍ കൂടി തീര്‍ത്ഥാടനം ലക്ഷ്യമിടണമെന്നായിരുന്നു.
തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്തെന്ന ഗുരുവിന്റെ ചോദ്യത്തിനു മുന്നില്‍ വല്ലഭശ്ശേരിക്കും കിട്ടന്‍ റൈറ്റര്‍ക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഗുരു ഏതു പ്രവൃത്തിക്കും ലക്ഷ്യം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈവിരലുകള്‍ മടക്കി എട്ടു കാര്യങ്ങള്‍ നിര്‍ദേശിച്ചത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര - സാങ്കേതിക പരിശീലനം എന്നിവയായിരുന്നു ആ എട്ടു വഴികള്‍.
ഈ ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ളവരെക്കൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിക്കണമെന്നും എല്ലാവര്‍ക്കും ഇത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സൗകര്യമൊരുക്കണമെന്നും അവയിലൂടെ കേള്‍ക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്നും അതുവഴി സമൂഹത്തിനും രാജ്യത്തിനാകെത്തന്നെയും പുരോഗതി ഉണ്ടാകുമെന്നും ഗുരു പറഞ്ഞു.
ഗുരു നിര്‍ദേശിച്ച എട്ടു കാര്യങ്ങളില്‍ ഈശ്വരഭക്തി എന്ന ഒറ്റക്കാര്യം മാത്രമേ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടതായുള്ളൂ എന്നതു ശ്രദ്ധിക്കണം. അതാകട്ടെ, പറഞ്ഞത് മൂന്നാമത്തെ കാര്യമായാണ്. ബാക്കി ഏഴു കാര്യങ്ങളും ഭൗതികജീവിത പുരോഗതിക്ക് ആധാരമായവയാണ്. പ്രഥമ പരിഗണന നല്‍കിയതാകട്ടെ വിദ്യാഭ്യാസത്തിനും. അഥവാ, അറിവു സമ്പാദനത്തിനും.
മറ്റ് മേഖലകളില്‍ ഈ അറിവിന്റെ പ്രയോഗം അര്‍ത്ഥപൂര്‍ണമായി നടത്തുമ്പോഴാണ് സാമൂഹ്യജീവിതം ഉയരങ്ങളിലേക്കു കൊണ്ടുപോകാന്‍ കഴിയുക എന്ന അത്യന്തം ശാസ്ത്രീയമായ ഉള്‍ക്കാഴ്ച ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ ഗുരുവിന്റെ വചനങ്ങളിലൂടെ നാം അറിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വത്തിനു കൂടി തെളിവാണ്.
ഗുരു ചിന്തിച്ച വഴിക്കാണല്ലോ നാമിന്ന് ഐ ടിയില്‍, എ ഐയില്‍ ഒക്കെ ഊന്നുന്നതും വിജ്ഞാന സമ്പദ്ഘടനയെയും വിജ്ഞാന സമൂഹത്തെയും ഒക്കെ സൃഷ്ടിക്കുന്നതും. എന്തുകൊണ്ടാണ് ഗുരു വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കിയത്? വിദ്യകൊണ്ടു മാത്രമേ അടിമത്തത്തിലും അന്ധതയിലും ആണ്ട മനുഷ്യന് സ്വാതന്ത്ര്യം ലഭിക്കൂ എന്ന് ഗുരുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് 'വിദ്യ കൊണ്ടു സ്വതന്ത്രരാകൂ' എന്ന പ്രബോധനം ഗുരു നല്‍കിയത്.
ഗുരുവിന്റെ ഈ സന്ദേശത്തിന്റെ സാരസര്‍വസ്വവും ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ പുരോഗമന ശക്തികള്‍ പ്രവര്‍ത്തിച്ചു പോരുന്നതെന്നു പറയാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതുപോലെ, ഐക്യ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ 1957 ല്‍ തന്നെ സ്വീകരിച്ച ആദ്യ രണ്ടു നിയമനടപടികള്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു.
ജാതിവിവേചനങ്ങളുടെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കുകയും, പ്രവേശനം ലഭിച്ചവര്‍ക്കുപോലും ഫീസ് നല്‍കി പഠിക്കാന്‍ കഴിയാതെവരികയും ചെയ്തിരുന്ന ഘട്ടത്തിലാണ് 57 ലെ സര്‍ക്കാര്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയത്. ഇതിനുശേഷം 1967 ല്‍ ഇ എം എസ് സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്.
ഈ രണ്ടു നിയമ നടപടികളിലൂടെയുമാണ്, പില്‍ക്കാലത്ത് രാജ്യാന്തര പ്രശസ്തമായി മാറിയ 'കേരളാ മോഡല്‍' വികസിച്ചുവന്നത്. ജാതീയമായും സാമൂഹ്യമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങളെയാകെ അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകാശപൂര്‍ണമായ വഴികളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രബോധനം തന്നെയാണ് അക്കാലത്ത് നടപ്പാക്കിയത്.
ഗുരുവിന്റെ ഈ പാതയിലൂടെ തന്നെയാണ് ഇപ്പോഴത്തെ കേരള സര്‍ക്കാരും മുന്നോട്ടുപോകുന്നത്. 2016 ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ കേരള ജനതയെയാകെ പുരോഗതിയിലേക്കു കൊണ്ടുപോവുകയെന്ന ലക്ഷ്യം വച്ച് നാലു മിഷനുകള്‍ നടപ്പാക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
ഇതിനായി 'വിദ്യാകിരണം' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. സ്‌കൂള്‍ വരാന്തയിലേക്കുപോലും എത്തിനോക്കാന്‍ ഒരു കാലത്തു കഴിയാതിരുന്ന സാധാരണക്കാരുടെ മക്കള്‍ ഇന്ന് ഹൈടെക് ക്ലാസ് മുറികളിലിരുന്നാണ് പഠിക്കുന്നത്. കിഫ്ബിയുടെ പിന്തുണയില്‍ ഇതിനകം കേരളത്തില്‍ 50,000 ത്തിലേറെ ഹൈടെക് ക്ലാസ്മുറികളാണ് പണികഴിപ്പിച്ചത്. ക്ലാസ്മുറികള്‍ മാത്രമല്ല, പാഠ്യപദ്ധതിയും ഈ വീക്ഷണത്തോടെയാണ് പരിഷ്‌ക്കരിക്കുന്നത്. കുട്ടികളുടെ സാമൂഹ്യബോധവും ശാസ്ത്രചിന്തയും ഭാവനയും ഒക്കെ വികസിപ്പിക്കുന്നതിനുതകുന്ന രീതിയിലാണ് നമ്മള്‍ അതു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അധികാരം കൈയ്യിലുള്ള പലരും അശാസ്ത്രീയവും അസംബന്ധജടിലവുമായ കാര്യങ്ങള്‍ പഠിപ്പിച്ച് കുട്ടികളെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു കൊണ്ടുപോകുമ്പോഴാണ്, നമ്മള്‍ ഇവിടെ ഇത്തരത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു പരമപ്രാധാന്യം നല്‍കുന്നതെന്ന് കാണണം.
അമേരിക്കക്കാരായ ഓര്‍വില്‍ റൈറ്റും വില്‍ബര്‍ റൈറ്റും ചേര്‍ന്ന് 1903 ല്‍ വിമാനം കണ്ടുപിടിച്ചു എന്ന് സ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചു വന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് ചിലര്‍ പറയുന്നത്, എന്ന് ജീവിച്ചിരുന്നു എന്നുപോലും കൃത്യതയില്ലാത്ത ഭരദ്വാജ മഹര്‍ഷിയാണ് വിമാനം കണ്ടുപിടിച്ചതെന്നാണ്. ടെലിവിഷന്‍ കണ്ടുപിടിച്ചത് 1926 ജനുവരി 26 ന് സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജോണ്‍ ലോഗി ബേര്‍ഡ് ആണെന്ന ശാസ്ത്രസത്യം ഇരിക്കെയാണ് ധൃതരാഷ്ട്രര്‍ക്ക് യുദ്ധം വര്‍ണിച്ചു പറഞ്ഞുകൊടുക്കാന്‍ സഞ്ജയന്‍ ടി വി കണ്ടുപിടിച്ചെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
സമാനമായ ഒത്തിരി കെട്ടുകഥകളും വിചിത്ര കാര്യങ്ങളും കൊണ്ടു വിദ്യാഭ്യാസരംഗം കലുഷമാക്കുകയാണ് രാജ്യത്തിന്റെ പല ഭാഗത്തും. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എങ്കിലും ഗുരു എന്നും ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ച അന്ധവിശ്വാസങ്ങളെ സിലബസില്‍ ഉള്‍ച്ചേര്‍ക്കുന്നത് ഗുരുവിന്റെ യുക്തിപൂര്‍ണമായ വിദ്യാഭ്യാസ ചിന്തയെ ധിക്കരിക്കലാണ് എന്നുമാത്രം പറയട്ടെ.
ഗുരു നിര്‍ദേശിച്ച ശുചിത്വം എത്രയേറെ പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് 'ഹരിതകേരളം' പദ്ധതി നടപ്പാക്കി വരുന്നത്. പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കുന്ന 'ലൈഫ്' പദ്ധതിയും ആരോഗ്യമേഖല കുറ്റമറ്റതാക്കുന്നതിനുള്ള 'ആര്‍ദ്രം' പദ്ധതിയും ഗുരു ചൂണ്ടിക്കാട്ടിയ സഹജീവിയെക്കുറിച്ചു പാലിക്കേണ്ട കരുതലിന്റെ അനുബന്ധങ്ങളാണ്. ഗുരു മുന്നോട്ടുവച്ച കൃഷിയുടെയും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും സന്ദേശങ്ങളും സര്‍ക്കാര്‍ ഫലപ്രദമായി നിര്‍വഹിച്ചാണ് മുന്നോട്ടു പോകുന്നത്.
ഗുരുവിന്റെ മൂല്യവത്തായ സന്ദേശങ്ങളെ മുന്‍നിര്‍ത്തി മൂര്‍ത്തമായ ചില കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം കൂടി ഇവിടെ പങ്കുവയ്ക്കട്ടെ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഗുരുപ്രതിമ, സാംസ്‌കാരിക സമുച്ചയം, സര്‍വമത സമ്മേളന ശതാബ്ദി, ദൈവദശക ശതാബ്ദി, ജാതിയില്ലാ വിളംബര വാര്‍ഷിക ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങിയവയൊക്കെ നിങ്ങളുടെ മനസിലുണ്ടാവും.
പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ രാജ്യത്തിന്റെ ആധുനിക നിയമവ്യവസ്ഥയാക്കി പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ നടക്കുകയാണിന്ന് എന്നതു നിങ്ങള്‍ക്കറിയാമല്ലോ. രാഷ്ട്രീയവും അധികാരവും ഒരുപോലെ സംഘടിതമായി പ്രവര്‍ത്തിക്കുകയാണ് ഈ ലക്ഷ്യത്തോടെ. ആ ശ്രമങ്ങള്‍ വിജയിച്ചുകൂട. അതിനെതിരായ പോരാട്ടങ്ങള്‍ക്ക് ജാതി-മത ഭേദങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ എല്ലാ എതിര്‍പ്പുകളെയും ചെറുത്തുകൊണ്ടു നീക്കിവയ്ക്കുകയും പൊരുതുകയും ചെയ്ത ഗുരുവിന്റെ ജീവിതസന്ദേശം ഉള്‍ക്കൊള്ളുന്ന ഓരോ വ്യക്തിക്കും ചുമതലയുണ്ട്.
ഒരു മതത്തിന്റെ രാഷ്ട്രം എന്ന സങ്കല്പം 'പലമതസാരവുമേകം' എന്നു പഠിപ്പിച്ച ഗുരുവിന്റെ വചനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും. പൊരുത്തപ്പെടില്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സങ്കോചം വരുന്നെങ്കില്‍ അത് ഒരു പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം വേണം എന്നു വാദിക്കുന്നതിനൊപ്പമുള്ള ഗുരുനിന്ദ തന്നെയാവും. ഒരു ഗുരു ഭക്തനും ആ വഴിക്കു പോവില്ല എന്നുറപ്പുണ്ട്.
വിവിധ ജാതി-മത വിഭാഗങ്ങളുടെ വിഘടിച്ചുനിന്നുള്ള ഏകീകരണം ജനാധിപത്യ-മതേതര സങ്കല്പങ്ങളെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ - മതേതര രാഷ്ട്രഘടന നിലനില്‍ക്കാന്‍ ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്തികളുടെ സന്ദേശവും സമന്വയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇങ്ങനെയുള്ള ഒരു സമന്വയമുണ്ടാവുന്നതിനെ ഭയക്കുന്ന ശക്തികള്‍ ഇവിടെയുണ്ട്. അത് സ്വത്വവാദാടിസ്ഥാനത്തില്‍ ജനസമൂഹത്തെ ഭിന്നിപ്പിക്കുകയും അങ്ങനെ അധികാരം നിലനിര്‍ത്താമെന്നു കരുതുകയും ചെയ്യുന്നവരാണ്.
ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങള്‍ക്കെതിരെ നാം ജാഗ്രത പാലിക്കണം.
ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തെ, ഒരുമയെ, സാഹോദര്യത്തെ, മൈത്രിയെ എല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത യഥാര്‍ത്ഥ വിശ്വഗുരു ആണ് ശ്രീനാരായണ ഗുരു. ലോകത്തെ മുഴുവന്‍ വിമോചിപ്പിക്കാനുള്ള ദര്‍ശന മഹിമ നല്‍കിയ ഗുരുവര്യനാണ് അദ്ദേഹം. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അദ്ദേഹത്തിന്റെ ദര്‍ശന മഹിമയും അതിന്റെ സൂര്യവെളിച്ചത്തില്‍ നടത്തിവരുന്ന ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ കഴിയും.
നമ്മുടെ നാടിനെയാകെ ഇരുളില്‍ നിന്നു വെളിച്ചത്തിലേക്കു നയിച്ചതും ആ ദര്‍ശനപ്പെരുമ തന്നെയാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക എന്നതാണ് ഗുരുദര്‍ശനങ്ങളോട് നീതി പുലര്‍ത്താന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത്.
മൈത്രിയിലധിഷ്ഠിതമായ നമ്മുടെ പൊതുജീവിതത്തിന്റെ ഭദ്രതയ്ക്കു കാവല്‍ നില്‍ക്കുന്ന നിലപാടുകളും അതിനെ തകര്‍ക്കുന്ന നിലപാടുകളും സമൂഹത്തിലുണ്ട്. ശ്രീനാരായണചിന്ത ഇതിനിടയില്‍ ഒരു നിഷ്പക്ഷത പാലിക്കലിനെ അനുവദിക്കുന്നില്ല. അതു പൊതുജീവിതഭദ്രതയെ സംരക്ഷിക്കുന്ന നിലപാടിനൊപ്പമേ നില്‍ക്കാന്‍ അനുവദിക്കൂ. തകര്‍ക്കുന്ന നിലപാടിനൊപ്പം നില്‍ക്കാന്‍ അനുവദിക്കുന്നില്ല. ഈ വെളിച്ചം കൂടി മനസില്‍ കൊളുത്തിവയ്ക്കാൻ നമുക്കേവർക്കും കഴിയണം. അതാണ് പുകള്‍പെറ്റ ഈ ശിവഗിരി തീര്‍ത്ഥാടന കാലത്തു നമുക്കു നിര്‍വഹിക്കാനുള്ളത്'-ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12ന് സമ്മേളനം: കൃഷി, കച്ചവടം, കൈത്തൊഴിൽ - സ്വയം പര്യാപ്തതയിലൂടെ അഭിവൃദ്ധി. ഉദ്ഘാടനം: മന്ത്രി പി.രാജീവ്, മുഖ്യാതിഥി: കെ.വി.ഷാജി (ചെയർമാൻ നബാഡ്), മുഖ്യപ്രഭാഷണം: സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, രണ്ടിന് സമ്മേളനം: ശാസ്ത്രസാങ്കേതികം- ഉദ്ഘാടനം: മന്ത്രി ജി.ആർ.അനിൽ, അദ്ധ്യക്ഷൻ: എൻ.കെ.പ്രേമചന്ദ്രൻ എം.പി, വൈകിട്ട് അഞ്ചിന് മാദ്ധ്യമസമ്മേളനം ഉദ്ഘാടനം: കേന്ദ്ര മന്ത്രി ജോർജ്ജ്കുര്യൻ, അദ്ധ്യക്ഷൻ: മാത്യുകുഴൽനാടൻ എം.എൽ.എ, മുഖ്യപ്രഭാഷണം: എ.എ.റഹിം എം.പി, പ്രഭാഷണങ്ങൾ: കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, പി.ശ്രീകുമാർ (കേരള ഗവർണ്ണർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി), മാദ്ധ്യമപ്രവർത്തകരായ എൻ.എം.പിയേഴ്സൺ, സാജൻസ്കറിയ, സുജയപാർവ്വതി. രാത്രി 7.30ന് നവരസം മ്യൂസിക്കൽ പ്രോഗ്രാം, 8.30ന് ഗുരുമാധുര്യം, 9.30ന് നാടകം, കഥാപ്രസംഗം, 12ന് മഹാസമാധി സന്നിധിയിൽ പുതുവത്സരപൂജയും സമൂഹപ്രാർത്ഥനയും.