'മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി മാറിയത്'; എം സ്വരാജിന്റെ വിവാദ പ്രസംഗത്തിലിടപെട്ട് കോടതി
കൊല്ലം: മുൻ എംഎൽഎയും സിപിഎം നേതാവുമായ എം സ്വരാജിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമാണെന്ന പരാതിയിലാണ് കോടതി റിപ്പോർട്ട് തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്‌ണു സുനിൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
2018ലാണ് സ്വരാജ് വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സഹിതമാണ് വിഷ്‌ണു സുനിൽ പരാതി നൽകിയത്. ആദ്യം കൊല്ലം വെസ്റ്റ് പൊലീസിനാണ് പരാതി നൽകിയത്. എന്നാൽ ഇവിടെ കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറും കേസെടുക്കാത്തതിനെത്തുടർന്നാണ് വിഷ്‌ണു കോടതിയെ സമീപിച്ചത്.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ ഹനിക്കുന്നതാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.