പ്രവാസികൾ റോഡിലിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം; നിർദേശവുമായി ഗൾഫ് രാജ്യം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്‌തു. കനത്ത മഴയെത്തുടർന്ന് രാജ്യത്തെ വിവിധ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ കനത്തതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ദുബായ്, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.
പർവതങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ദുബായിലെ അൽ ലിസൈലി പ്രദേശത്ത് ശക്തമായ മഴ പെയ്‌തു. ഖോർഫക്കാൻ റോഡിലും മുർബാദ്-മസാഫി പാതയിലും കനത്ത മഴയ്ക്കൊപ്പം ചെറിയ തോതിൽ മഞ്ഞുവീഴ്‌ചയും ഉണ്ടായി.
റോഡുകളിൽ വെള്ളക്കെട്ടിന് സാദ്ധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്‌ക്കുകയും മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.