'സിപിഐ ചതിയൻ ചന്തുമാർ'; പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് മുഷ്ടി ചുരുട്ടിപ്പറഞ്ഞ് വെള്ളാപ്പള്ളി

Wednesday 31 December 2025 3:10 PM IST

തിരുവനന്തപുരം: സിപിഐയ്ക്കെതിരെ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ ചതിയന്മാരാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഇതിനിടെ മാദ്ധ്യമപ്രവർത്തകനോട് തട്ടിക്കയറുകയും മൈക്ക് തട്ടി മാറ്റുകയും ചെയ്തു. മലപ്പുറത്തും വയനാടും കാസർകോടും എസ്‌എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേയെന്ന ചോദ്യത്തെത്തുടർന്നാണ് മാദ്ധ്യമപ്രവർത്തകനോട് തട്ടിക്കയറിയത്.

താങ്കൾ വർഗീയവാദിയാണെന്ന ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മലബാർ മേഖലയിലെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലം വാങ്ങാൻ പറ്റാത്തതുകൊണ്ടാണ് സർക്കാർ അനുവാദം നൽകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ കള്ളനാണെന്ന് ‌ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. പാർട്ടി ഏതായാലും ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. സിപിഎം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. സിപിഐ ചതിയൻ ചന്തുമാരാണ്. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല. മൂന്നാമതും പിണറായി സർക്കാർ തന്നെ അധികാരത്തിൽ വരും' - വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മുഷ്ടി ചുരുട്ടിക്കൊണ്ടാണ് അദ്ദേഹം പിണറായിയുടെ പേര് പറഞ്ഞ്.

അയ്യപ്പസംഗമ സമയത്ത് മുഖ്യമന്ത്രിയുടെ കാറിൽ കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും വെള്ളാപ്പള്ളി പ്രതികരിച്ചു. താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും താൻ അയിത്ത ജാതിക്കാരനാണോയെന്നും അദ്ദേഹം ചോദിച്ചു.