മദ്യത്തിന് പേരിടീൽ ചട്ടലംഘനം:കെ.സി.ബി.സി.
Wednesday 31 December 2025 3:27 PM IST
കൊച്ചി: മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് പാരിതോഷികം നൽകി നടത്തുന്ന മത്സരം അബ്കാരി ചട്ടലംഘനമാണെന്നും പിൻവലിക്കണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
കുട്ടികൾക്ക് പോലും തെറ്റായ സന്ദേശം നൽകും. മദ്യവർജ്ജനം പറയുന്ന സർക്കാർ പുതുവർഷം കൊഴുപ്പിക്കാൻ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മനസൊരുക്കുന്ന വോട്ടർമാരുടെയിടയിൽ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ചിന്തയുണ്ടാകുമെന്ന് സമിതി സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്താവനയിൽ പറഞ്ഞു.