വേനൽ കടുക്കുന്നു ക്ഷീരകർഷകർ പ്രതിസന്ധിയിൽ
പാൽ ഉത്പാദനത്തിൽ വൻ ഇടിവ്
കോലഞ്ചേരി: വേനൽ കടുത്തതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ. പാൽ ഉത്പാദനത്തിൽ ഇടിവ് വന്നതിനൊപ്പം വൈക്കോലിന്റെ വിലവർദ്ധനവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമാണ് കർഷകരെ വലയ്ക്കുന്നത്. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തതും കന്നുകാലികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. സൂര്യാതപം ഏൽക്കാതിരിക്കാൻ പകൽ സമയങ്ങളിൽ കാലികളെ തൊടികളിൽ ഇറക്കിക്കെട്ടരുതെന്ന നിർദ്ദേശം പാലിക്കുന്നതും കർഷകർക്ക് വെല്ലുവിളിയാണ്. പുല്ല് വെട്ടിയെടുത്ത് എത്തിക്കുന്നതിന് വലിയ കൂലിച്ചെലവ് വരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ കാലിത്തീറ്റ വില കുറഞ്ഞെങ്കിലും ഗുണനിലവാരത്തിൽ കർഷകർക്ക് ആശങ്കയുണ്ട്. തീറ്റ നൽകുന്നതനുസരിച്ചുള്ള ഉത്പാദനം ലഭിക്കുന്നില്ലെന്നാണ് പരാതി. 20 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവിന് പ്രതിദിനം 270 രൂപയോളം ചെലവ് വരുന്നു. അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതോടെ 10 ലിറ്റർ പാൽ നൽകിയിരുന്ന പശുക്കളിൽ നിന്നുള്ള ഉത്പാദനം 7 ലിറ്ററായി കുറഞ്ഞു. കാലിത്തീറ്റയും പുല്ലും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയാലേ പ്രതിസന്ധി പരിഹരിക്കാനാവൂ എന്ന് കർഷകർ പറയുന്നു.
പച്ചപ്പുല്ല് കിട്ടാനില്ല
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവിനൊപ്പം ജലക്ഷാമം കൂടി രൂക്ഷമായതോടെ കന്നുകാലി പരിപാലനം ദുഷ്‌കരമായി. പാലിന്റെ പ്രഖ്യാപിത വില 56 രൂപയാണെങ്കിലും ഗുണനിലവാരം കുറവാണെന്ന കാരണത്താൽ ലിറ്ററിന് 35 രൂപയ്ക്കും 45 രൂപയ്ക്കും ഇടയിലാണ് കർഷകർക്ക് ലഭിക്കുന്നത്. ഒരു ലിറ്റർ പാലിന് 39 രൂപ ഉത്പാദന ചെലവ് വരുമ്പോൾ ലഭിക്കുന്ന തുച്ഛമായ വരുമാനം കർഷകരെ കടക്കെണിയിലാക്കുന്നു.
കർഷകർക്ക് നഷ്ടം
നാമമാത്ര കർഷകർക്ക് മാത്രമാണ് അല്പമെങ്കിലും മെച്ചപ്പെട്ട വില ലഭിക്കുന്നത്. സ്വകാര്യ മേഖലയിൽ ലിറ്ററിന് 60 രൂപ വരെ ലഭിക്കുമ്പോൾ, മിൽമ സഹകരണ സംഘങ്ങൾ കർഷകർക്ക് മതിയായ വില നൽകുന്നില്ലെന്നാണ് ആക്ഷേപം. വേനൽക്കാലത്ത് ഇൻസെന്റീവ് ഇനത്തിൽ ലിറ്ററിന് നൽകുന്ന രണ്ട് രൂപ മാത്രമാണ് മിൽമയിൽ നിന്നുള്ള ഏക ആശ്വാസം. പത്ത് കിലോ കാലിത്തീറ്റയ്ക്ക് പ്രതിദിനം 300 രൂപയോളം ചെലവുണ്ട്. വൈക്കോൽ, പുല്ല്, മരുന്നുകൾ എന്നിവയുടെ ചെലവ് കൂടി കണക്കാക്കുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
കർഷകരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കുകയോ പാലിന് താങ്ങുവില നൽകുകയോ കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുകയോ ചെയ്താലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ.
സി.കെ. അരുൺ, സമൃദ്ധി നെല്ലാട്