വെൽക്കം 2026
വികസനക്കുതിപ്പിൽ കൊച്ചി; 2026ൽ പൂർത്തിയാകുന്നത് വമ്പൻ പദ്ധതികൾ
കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളോടെ പുതുവർഷത്തെ വരവേൽക്കുന്ന എറണാകുളം ജില്ലയ്ക്ക് 2026 വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കൊച്ചി മെട്രോയുടെ കാക്കനാട് വരെയുള്ള രണ്ടാം ഘട്ടം, മെട്രോ മൂന്നാം ഘട്ടത്തിന്റെ ആരംഭം, എൻ.എച്ച് 66 ദേശീയപാത, ഇടപ്പള്ളി - അരൂർ എലിവേറ്റഡ് ഹൈവേ, അരൂർ - തുറവൂർ പാതയുടെ വികസനം, റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, കൊച്ചിൻ ക്യാൻസർ സെന്റർ, എറണാകുളം ജനറൽ ആശുപത്രി വികസനം, കിൻഫ്ര ഐ.ടി ഹബ്ബ്, കളമശേരി ജുഡീഷ്യൽ സിറ്റി തുടങ്ങി എണ്ണമറ്റ പദ്ധതികളാണ് 2026-ൽ പൂർത്തീകരണത്തിനായോ തുടക്കത്തിനായോ കാത്തിരിക്കുന്നത്.
ക്യാൻസർ സെന്റർ ഉദ്ഘാടനം
കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ 159 പുതിയ തസ്തികകളോടെ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഇതിലുണ്ട്. ക്യാൻസർ സെന്റർ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. 100 ബെഡുകളുമായാണ് പ്രവർത്തനം ആരംഭിക്കുക. റീജിയണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്.
മെട്രോ രണ്ടാംഘട്ടം
ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ പിങ്ക് ലൈൻ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2026ൽ പൂർത്തീകരിക്കും. തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികളും സ്റ്റേഷൻ നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. 1,975.05 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന രണ്ടാം ഘട്ടത്തിൽ 10 സ്റ്റേഷനുകളുണ്ട്. സംസ്ഥാന സർക്കാർ 555.18 കോടിയും കേന്ദ്രം 339.75 കോടിയും വിദേശ വായ്പയായി 1016.24 കോടിയുമാണ് ഇതിനായി വിനിയോഗിക്കുന്നത്. വിമാനത്താവളം വരെയുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിക്കുന്നതും 2026-ലാണ്.
ദേശീയപാത 66
24 കിലോമീറ്ററുള്ള മൂത്തകുന്നം - ഇടപ്പള്ളി എൻ.എച്ച് 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. എട്ട് വില്ലേജുകളിലായി 32 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് ഇരുവശങ്ങളിലും സർവീസ് റോഡ് ഉൾപ്പെടെ ആറുവരിപ്പാതയായാണ് നിർമ്മാണം. ഇത് 2026ൽ പൂർത്തീകരിക്കും.
അരൂർ - തുറവൂർ ദേശീയപാത
അരൂർ - തുറവൂർ ദേശീയപാതയിലെ ആറുവരി ഹൈവേ നിർമ്മാണം 2026 മാർച്ച് - മേയ് മാസത്തോടെ പൂർത്തീകരിക്കും. 12.75 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം 2023ലാണ് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും നീളമുള്ള തൂണുകളുള്ള സ്കൈവേകളിൽ ഒന്നാണിത്.
റെയിൽവേ സ്റ്റേഷൻ വികസനം
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം 2026ൽ പൂർത്തീകരിക്കും. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ നാലുനില കെട്ടിടമാണ് വരുന്നത്. കിഴക്കേ കവാടത്തിൽ ജി.സി.ഡി.എ കെട്ടിടത്തിന് സമീപം മൂന്ന് നിലകളിൽ പുതിയ സമുച്ചയം ഉയരും. 299.95 കോടി രൂപയാണ് സൗത്തിലെ നിർമ്മാണച്ചെലവ്. സ്റ്റേഷൻ കെട്ടിടവും കൂറ്റൻ പാർക്കിംഗും ഉൾപ്പെടെ 150.28 കോടി രൂപയുടേതാണ് നോർത്തിലെ നിർമ്മാണം.
ജനറൽ ആശുപത്രി
രാജ്യത്ത് ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയെന്ന ഖ്യാതി നേടിയ എറണാകുളം ജനറൽ ആശുപത്രിയിൽ ബേൺസ് ഐ.സി.യു ഉൾപ്പെടെ വിപുലീകരിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. കോടികൾ ചെലവിട്ടുള്ള ഐ.പി ബ്ലോക്ക് ഉൾപ്പെടെ ഈ വർഷം പൂർത്തിയാക്കും.