കൊച്ചി ക്യാൻസർ സെന്റർ ഉദ്ഘാടനം ജനുവരിയിൽ

Thursday 01 January 2026 1:47 AM IST

പുതിയ 159 തസ്തികകൾ

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്. ക്യാൻസർ സെന്റർ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകൾ. ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണിത്. ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം 2026 ജനുവരിയിൽ നടക്കും. മന്ത്രി പി. രാജീവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

100 ബെഡുകളുമായാണ് ക്യാൻസർ സെന്ററിന്റെ ഒന്നാംഘട്ട പ്രവർത്തനം. ഇതിനാവശ്യമായ തസ്തികകളെല്ലാം സൃഷ്ടിക്കപ്പെട്ടു. അക്കാഡമിക്, നോൺ - അക്കാഡമിക് തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എട്ട് പ്രൊഫസർ തസ്തികകളും 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാഡമിക് തസ്തികകളുള്ളത്.

91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. 14 വിഭാഗങ്ങളിലായി 68 താത്ക്കാലിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് ക്യാൻസർ സെന്ററുകളായ റീജിയണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി ക്യാൻസർ സെന്ററിലെയും തസ്തിക നിർണയം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കും.

മുടങ്ങിക്കിടന്നിരുന്ന ക്യാൻസർ സെന്ററിന്റെ നിർമ്മാണം 2021 നവംബറിൽ പുനരാരംഭിച്ച ശേഷം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു പി. രാജീവ് നിയമ,വ്യവസായ, കയർ വകുപ്പ് മന്ത്രി