ഭൂതത്താൻകെട്ടിലെ ജങ്കാർ സർവീസ് ഉടൻ തുടങ്ങണം

Thursday 01 January 2026 12:20 AM IST

കുട്ടമ്പുഴ: ഭൂതത്താൻകെട്ട് ഡാമിൽ കുട്ടമ്പുഴ ബംഗ്ലാവ് കടവിലെ ജങ്കാർ സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു . കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഈ വർഷം 8ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പദ്ധതി ജനങ്ങൾക്ക് ഉപകാരപ്പെടാതെ നശിക്കുമ്പോഴും ജനപ്രതിനിധികൾ കണ്ടഭാവം നടിക്കുന്നില്ല. വടാട്ടുപാറയിലെയും മറ്റ് 12വാർഡുകളിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് എളുപ്പത്തിലും ചുരുങ്ങിയ സമയംകൊണ്ടും കുട്ടമ്പുഴയിൽ എത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. നിലവിൽ വടാട്ടുപാറയിലെ ജനങ്ങൾ കുട്ടമ്പുഴ പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കിൽ ഒരു വശത്തേയ്ക്ക് മാത്രം 30 കി.മീ യാത്രചെയ്യണം. ബംഗ്ലാവ് കടവിലെ ജങ്കാർ സർവീസ് തുടങ്ങിയാൽ ഇത് കേവലം 4.5 കിലോമീറ്റർ ആയി കുറയും. താളുങ്കണ്ടം ആദിവാസി ഉന്നതിയിലെ ആളുകൾക്കും ഇടമലയാർ കെ.എസ്.ഇ.ബി പദ്ധതിയിലെ ജീവനക്കാർക്കും ജങ്കാർ ഏറെ പ്രയോജനകരമാണ്. എന്നാൽ ജങ്കാർ അടുപ്പിക്കേണ്ട കടവും അങ്ങോട്ടുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞിട്ട് നാളുകൾ ഏറെയായി. ചങ്ങാടവും നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞതവണ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് ആയിരുന്നു. ഇത്തവണയും യു.ഡി.എഫിനാണ് ഭൂരിപക്ഷം. ആളുകൾ മാത്രമെ മാറിയിട്ടുള്ളു. പുതിയ ഭരണസമിതിയുടെ പ്രഥമ പരിഗണന ചങ്ങാടം സർവീസിന് നൽകണമെന്ന് ഭാരതീയ ജനതാ പാർട്ടി കുട്ടമ്പുഴ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.