നെല്ലിയാമ്പതിയിൽ താവളമിട്ട് സിംഹവാലൻ കുരങ്ങുകൾ
നെല്ലിയാമ്പതി: പശ്ചിമഘട്ട മലനിരകളിലെ ഉൾക്കാടുകളിലും നിത്യഹരിത വനങ്ങളിലും മാത്രം സാധാരണയായി കണ്ടുവരുന്ന, വംശനാശ ഭീഷണിനേരിടുന്ന സിംഹവാലൻ കുരങ്ങുകളാണ് നെല്ലിയാമ്പതി ചുരംപാതയിലെ ഇപ്പോഴത്തെ പ്രധാന കാഴ്ച. വനത്തിനകത്ത് മാത്രം കാണപ്പെടുന്ന ഇവ അടുത്ത കാലത്തായി ചെറുനെല്ലി മുതൽ അയ്യപ്പൻതിട്ട് വരെ നീളുന്ന ചുരം പാതയോരങ്ങളിൽ കൂട്ടമായി സഞ്ചരിക്കുന്നു. പോത്തുണ്ടി മുതൽ കൈകാട്ടി വരെയുള്ള ചുരംപാതയിൽ പതിവായി കാണുന്ന ഇവ സഞ്ചാരികളുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കുണ്ടറച്ചോലയ്ക്ക് മുകളിലുള്ള പ്രദേശങ്ങളിൽ 50ലധികം സിംഹവാലൻ കുരങ്ങുകളടങ്ങുന്ന വലിയ കൂട്ടമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സാധാരണയായി മറ്റ് കുരങ്ങുകൾ കാണുന്ന പ്രദേശങ്ങളിൽ അധികസമയം ചെലവഴിക്കാറില്ലാത്ത സിംഹവാലൻ കുരങ്ങുകളെ ഇപ്പോൾ പാതയോരങ്ങളിൽ സ്ഥിരമായി കാണുന്നുണ്ട്. വഴിയരികിൽ സഞ്ചാരികൾ ഭക്ഷണസാധനങ്ങൾ നൽകാൻ തുടങ്ങിയതോടെ, വാഹനങ്ങൾ കടന്നുപോകുമ്പോൾ അവയുടെ സമീപത്ത് കാത്തുനിൽക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. ഇതോടെ മനുഷ്യരോടുള്ള ഭയം കുറഞ്ഞതായും വന്യജീവികളുടെ സ്വാഭാവിക പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുന്നതായും വനവകുപ്പ് അധികൃതർ വിലയിരുത്തുന്നു. പ്ലാവിന്റെ പൂക്കളിലുള്ള തേൻ തേടിയും കാട്ടുചക്ക സീസണിലും ആകർഷിക്കപ്പെട്ടാണ് സിംഹവാലൻ കുരങ്ങുകൾ വനാതിരുകൾ കടന്ന് പുറത്തേക്ക് എത്തിയതെന്നാണ് വനപാലകരുടെ വിശദീകരണം. സ്ഥിരമായി വാഹനങ്ങളെയും മനുഷ്യരെയും കാണുന്നതിനാൽ ഇവ മനുഷ്യ സാന്നിധ്യത്തോട് പരിചിതരായി, പാതയോരങ്ങളിൽ പേടിയില്ലാതെ നിലകൊള്ളുന്നതും പതിവാകുകയാണ്. വംശനാശ ഭീഷണിനേരിടുന്ന ഈ ജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി സഞ്ചാരികൾ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്നും ചുരംപാതയിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വനവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.