അമ്മയ്ക്ക് വിടചൊല്ലി മോഹൻലാലും നാടും

Thursday 01 January 2026 12:05 AM IST

തിരുവനന്തപുരം: സ്നേഹംമാത്രം ചൊരിഞ്ഞ അമ്മമഴക്കാറ് പെയ്തൊഴിഞ്ഞു. നടൻ മോഹൻലാലിന്റെ അമ്മ ജി. ശാന്തകുമാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി. അമ്മയുടെ ഭൗതിക ശരീരത്തിനരികിൽ പിടയുന്ന മനസോടെ മോഹൻലാൽ ആദ്യവസാനം നിന്നു. സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്നടക്കം നൂറുകണക്കിനുപേർ അന്ത്യാഞ്ജലിയർപ്പിച്ചു.

തിരുവനന്തപുരം മുടവൻമുഗൾ കേശവദേവ് റോഡിലെ 'ഹിൽവ്യൂ' വീട്ടുവളപ്പിൽ നാലുമണിയോടെയായിരുന്നു സംസ്കാരം. മൂന്നോടെ മോഹൻലാലും ബന്ധുക്കളും അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു. തുടർന്ന് മുൻവശത്ത് ഇടതും വലതുമായി നിന്ന് മോഹൻലാലും മകൻ പ്രണവും ശവമഞ്ചം ചിതയിലേക്ക് എടുത്തു. മോഹൻലാൽ ചിതയ്ക്ക് തീകൊളുത്തി. മോഹൻലാലിന്റെ അഭ്യർത്ഥനയെ തുടർന്ന് സംസ്കാര ചടങ്ങുകൾ മാദ്ധ്യമങ്ങൾ പകർത്തിയില്ല. ഇനി ഒരിക്കലും ആ രംഗങ്ങൾ തനിക്ക് കാണാൻ കരുത്തില്ലാത്തതു കൊണ്ടാണിതെന്ന് മോഹൻലാൽ പറഞ്ഞു.

ഇന്നലെ പുലർച്ചെ ആറോടെയാണ് എറണാകുളം എളമക്കരയിലെ വസതിയിൽ നിന്ന് ശാന്തകുമാരിയുടെ മൃതദേഹം മുടവൻമുഗളിലെ വീട്ടിലെത്തിച്ചത്. പിന്നാലെ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. പതിനൊന്ന് മണിയോടെ മകൻ പ്രണവുമെത്തി.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, ഭാര്യ രാധിക, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാജോർജ്, അബ്ദുറഹ്‌മാൻ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. ടെറിട്ടോറിയൽ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. കേരളകൗമുദിക്കു വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പുഷ്പചക്രം സമർപ്പിച്ചു. മോഹൻലാലിന്റെ ആത്മസുഹൃത്തുക്കളായ പ്രിയദർശൻ, ജി.സുരേഷ് കുമാർ, എം.ജി.ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, സനൽകുമാർ എന്നിവർ ചടങ്ങുകളിൽ ആദ്യവസാനം പങ്കെടുത്തു.

അന്ത്യാഞ്ജലിയർപ്പിച്ച് പ്രമുഖർ

മന്ത്രിമാരായ സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, എം.പിമാരായ എ.എ. റഹീം, കെ.സുധാകരൻ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്,മുൻമന്ത്രി വി.എസ്.ശിവകുമാർ, ആർ.ശ്രീലേഖ, കെ.എസ്.ശബരീനാഥൻ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, നടൻ ജയറാം, മക്കളായ കാളിദാസ്,മാളവിക,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ഗോകുലം ഗോപാലൻ, രാജസേനൻ, സുരേഷ് ബാബു, മേജർ രവി, കാർത്തിക, ഗോകുൽ സുരേഷ്,മേനക സുരേഷ്, മല്ലികാ സുകുമാരൻ, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.