വോഡഫോൺ ഐഡിയയ്ക്ക് ആശ്വാസം

Thursday 01 January 2026 1:20 AM IST

എ.ജി.ആർ കുടിശ്ശികയ്ക്ക് അഞ്ച് വർഷം മൊറട്ടോറിയം

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) കുടിശിക തിരിച്ചടയ്ക്കാൻ കേന്ദ്ര സർക്കാർ അഞ്ച് വർഷത്തെ മൊറട്ടോറിയം അനുവദിച്ചു. കുടിശികയിൽ ഇളവുകളില്ലെങ്കിലും തിരിച്ചടവിന് സാവകാശം ലഭിച്ചത് കമ്പനിക്ക് താത്കാലിക ആശ്വാസമാകും. എ.ജി.ആർ ബാദ്ധ്യതകൾ പുന:പരിശോധിക്കാൻ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

ഏകദേശം 87,695 കോടി രൂപയുടെ ബാദ്ധ്യത തിരിച്ചടയ്ക്കുന്നതിനാണ് അഞ്ച് വർഷത്തെ മൊറട്ടോറിയം അനുവദിച്ചത്. സർക്കാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും കുടിശിക ഭാഗികമായി എഴുതിത്തള്ളുമെന്ന പ്രതീക്ഷ ഫലിക്കാത്തത് നിക്ഷേപകർക്കിടയിൽ നിരാശയുണ്ടാക്കി. തിടർന്ന് വോഡഫോൺ ഐഡിയയുടെ ഓഹരി വിലയിൽ 15 ശതമാനം വരെ ഇടിവുണ്ടായി.