100 രൂപ കടംവാങ്ങി ഉണ്ണിയപ്പക്കച്ചവടം; ശരീഫയ്ക്ക് ഇന്ന് രണ്ട് റസ്റ്റോറന്റ്
മലപ്പുറം: പട്ടിണിയിൽ നിന്ന് രക്ഷപ്പെടാനാണ് ശരീഫ ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. 2012ൽ അയൽവാസിയിൽ നിന്ന് കടം വാങ്ങിയ 100 രൂപയായിരുന്നു മൂലധനം. ഇന്ന് കുടുംബശ്രീയുടെ പ്രീമിയം കഫേയടക്കം രണ്ട് റെസ്റ്റോറന്റുകളുടെയും കാറ്ററിംഗ് സ്ഥാപനത്തിന്റെയും ഉടമയാണ് കോട്ടക്കൽ സ്വദേശി ശരീഫ കളത്തിങ്കൽ. ഈ വർഷം സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സംരംഭകയ്ക്കുള്ള പുരസ്കാരം നേടിയ ശരീഫ 20 സ്ത്രീകളുൾപ്പെടെ 30ലധികം പേർക്ക് തൊഴിലും നൽകുന്നുണ്ട്.
പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് സക്കീറിന് മഴക്കാലത്ത് ജോലിയില്ലാതായി. കുട്ടികൾക്ക് ആഹാരം കൊടുക്കാൻ അരിപോലും വീട്ടിലില്ല. വാടക വീട്ടിൽ നിന്ന് പുറത്താക്കുമെന്ന സ്ഥിതിയുമായി. പത്താംക്ലാസുകാരിയായ ശരീഫയ്‌ക്ക് പാചകമല്ലാതെ മറ്റ് ജോലികളുമറിയില്ല. ഉണ്ണിയപ്പം ഉണ്ടാക്കിനൽകിയാൽ വിൽക്കാമോയെന്ന് വീടിനടുത്തുള്ള കടക്കാരനോട് ചോദിച്ചു. തുടർന്നാണ് ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. വീട്ടിലായിരുന്നു പാചകം.
രുചിയറിഞ്ഞ് ആവശ്യക്കാർ കൂടിയതോടെ കൂടുതൽ കടകളിലേക്ക് വ്യാപിപ്പിച്ചു. മൂന്നുമാസം പ്രായമായ മകളെ ഒക്കത്തിരുത്തി നാല് കിലോമീറ്ററോളം നടന്നാണ് അന്ന് കടകളിൽ ഉണ്ണിയപ്പമെത്തിച്ചത്. പത്തിരി, ചപ്പാത്തി ഓർഡറുകൾ കൂടി സ്വീകരിച്ച് ചെറിയരീതിയിൽ കാറ്ററിംഗ് തുടങ്ങി. വായ്പയ്‌ക്കായി ബാങ്കിനെ സമീപിച്ചപ്പോൾ ഈടില്ലാത്തതിനാൽ തള്ളി.
കാറ്ററിംഗിന് കുടുംബശ്രീയുടെ രണ്ടുലക്ഷത്തിന്റെ വായ്‌പ
2018ൽ കുടുംബശ്രീയിൽ നിന്ന് രണ്ടുലക്ഷം രൂപ വായ്പ കിട്ടി. തുടർന്ന് കാറ്ററിംഗ് വിപുലീകരിച്ചു. കൊവിഡ് കാലത്ത് സർക്കാർ ആശുപത്രികളിലെ രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകുന്ന കുടുംബശ്രീ പദ്ധതിയുടെ കരാർ പുതുജീവനായി. കോട്ടക്കൽ ആയുർവേദ ആശുപത്രിയിലും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലും കാന്റീൻ തുടങ്ങി. കോട്ടക്കലിൽ മറ്റൊരു റസ്റ്റോറന്റും തുറന്നു. അടുത്തിടെ ആധുനിക സൗകര്യങ്ങളോടെ 30 ലക്ഷം രൂപയ്‌ക്ക് 85 പേർക്കിരിക്കാവുന്ന കുടുംബശ്രീ പ്രീമിയം കഫേ തുടങ്ങി. സർക്കാർ പരിപാടികളുടെയും കുടുംബശ്രീ മേളകളുടെയും കാറ്ററിംഗ് ശരീഫയ്ക്കാണ് ലഭിക്കുന്നത്. കോട്ടക്കൽ സ്പിന്നിംഗ് മില്ലിന് സമീപം വീടുവച്ചു. വാഹനവും വാങ്ങി. മകൻ സെബിയാസിനെ യു.കെയിലയച്ച് പഠിപ്പിച്ചു. അവിടെ കാർഡിയാക് സയന്റിസ്റ്റാണിപ്പോൾ. മകൾ ഫാത്തിമ ഫെമിന മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയും. മലപ്പുറത്ത് കോൺഫറൻസ് ഹാളോട് കൂടിയ റസ്റ്റോറന്റിനുള്ള തയ്യാറെടുപ്പിലാണ് ശരീഫ.
ചെറിയ കുഞ്ഞുമായി കടകൾ കയറിയിറങ്ങുന്നത് കണ്ട് പലരും കളിയാക്കിയിട്ടുണ്ട്. തളരാതെ പിടിച്ചുനിന്നതിനാൽ ഇന്ന് 30 പേർക്ക് ജോലി നൽകാനായി.
ശരീഫ