അയ്യന്റെ പ്രഭയിലെ സ്വർണവും കട്ടു, പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

Thursday 01 January 2026 12:26 AM IST

തിരുവനന്തപുരം: ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും​ വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്.

ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പ് പാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, കട്ടിളയിലെ മുകൾപ്പടിയിലെ പാളി എന്നിവയിലും പൊതിഞ്ഞിരുന്ന സ്വർണവും കട്ടു.

ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും നിന്ന് ഇതുവരെ അറിഞ്ഞതിലും കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്നും എസ്.ഐ.ടി പറയുന്നു. 989 ഗ്രാം കവർന്നതായാണ് പുറത്തുവന്ന വിവരം. വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധന പൂർത്തിയാവുമ്പോൾ കൊള്ളയുടെ വ്യാപ്തി ഉയരും.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ 2019ജൂലായ് 19നും ശില്പങ്ങളിലെ പില്ലർ പ്ലേറ്റുകളിലെ പാളികൾ 2019 ജൂലായ് 20നുമാണ് ഇളക്കിയെടുത്തത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചത് 989ഗ്രാം സ്വർണമെന്നാണ് അവരുടെ പക്കലുണ്ടായിരുന്ന രേഖ. 96.021ഗ്രാം സ്മാർട്ട്ക്രിയേഷൻസ് കൂലിയായി എടുത്തു. 394ഗ്രാം സ്വർണം വീണ്ടും പാളികളിൽ പൂശി. ബാക്കി 474.957ഗ്രാം പോറ്റിയുടെ ഇടനിലക്കാരൻ കൽപ്പേഷ് വഴി റോദ്ധം ജുലവറിയുടമ ഗോവർദ്ധന് എത്തിച്ചു.109.243ഗ്രാം പങ്കജ് ഭണ്ഡാരിയിൽ നിന്നും 474.96ഗ്രാം സ്വർണം റോദ്ധം ജുവലറിയിൽ നിന്നും പിടിച്ചെടുത്തു.

കൊള്ളയടിച്ച സ്വർണം പ്രതികൾ സ്വകാര്യാവശ്യത്തിനുപയോഗിച്ചു. സ്വർണം കൊള്ളയടിക്കാൻ എ. പത്മകുമാർ,​ എൻ. വാസു, കെ.എസ്.ബൈജു, ഡി.സുധീഷ്കുമാർ, മുരാരി ബാബു എന്നിവർ പോറ്റിയുമായി ഗൂഢാലോചന നടത്തി.

കടകംപള്ളിയെ വീണ്ടും

ചോദ്യം ചെയ്തേക്കും

 വിദേശ പര്യടനങ്ങൾ പരിശോധിക്കും

സ്വർണക്കൊള്ള കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചത്തെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് എസ്.ഐ.ടി പറയുന്നത്. ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ഈ മൊഴികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കടകംപള്ളിയുമായി ബന്ധപ്പെട്ട് ബോ‌ർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ജയിലിലെത്തിയും ചോദ്യം ചെയ്യും. മന്ത്രിയായിരിക്കെ കടകംപള്ളി നടത്തിയ വിദേശയാത്രകളും പരിശോധിക്കും. 2016നും 2021നുമിടെ 13 വിദേശ സന്ദർശനം നടത്തിയതിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. അഞ്ചെണ്ണം സ്വകാര്യ സന്ദർശനങ്ങളാണ്. ബംഗളൂരു, ചെന്നൈ യാത്രാ വിവരങ്ങളും ശേഖരിക്കും. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ പോറ്റിയെ കടകംപള്ളി സന്ദർശിച്ചിരുന്നതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. മലയാളം സമാജത്തിന്റെ പരിപാടിക്ക് ബംഗളൂരുവിൽ പോയെന്നാണ് കടകംപള്ളിയുടെ മൊഴി.