അടൂർ നഗരത്തിലെ കക്കൂസ് മാലിന്യ നിക്ഷേപം: പ്രതിഷേധം വ്യാപകം

Wednesday 31 December 2025 10:31 PM IST
നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന അടൂർ നഗരസഭ കെട്ടിട സമുച്ചയത്തിനു സമീപം സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയിൽ

അടൂർ : അടൂർ നഗരത്തിൽ കക്കൂസ് മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധ വ്യാപകമാകുന്നു. ബൈപാസ് റോഡിൽ വട്ടത്തറപ്പടി , പുതുതായി നിർമ്മാണം നടക്കുന്ന സ്വകാര്യ ബസ് സ്റ്റാഡിന് സമീപത്തുള്ള തോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യങ്ങൾ തള്ളിയത്. രൂക്ഷമായ ദുർഗന്ധമാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ ടാങ്കർ ലോറികളിലാണ് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത്. ഇത് കൂടാതെ ബൈപാസ് റോഡിൽ പല ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും റോഡരികിലും തോട്ടിലും തള്ളുന്നെന്ന പരാതിയും ശക്തമാണ്. വിഷയത്തിൽ അധികൃതർ കർശന നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് രൂപേഷ് അറിയിച്ചു. മുൻ സി.പി.എം നഗരസഭ കൗൺസിലർ റോണി പാണംതുണ്ടിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ ചർച്ചയായിട്ടുണ്ട് . നഗരസഭ ഭരണസമിതി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യമുന്നയിക്കുന്നുണ്ട്.