യാത്രക്കാർ തമ്മിൽ തർക്കം: കെ.എസ്.ആർ.ടി.സി ബസ് എസ്.പി ഓഫീസിൽ കയറ്റി

Thursday 01 January 2026 1:54 AM IST
പത്തനംതിട്ട എസ്.പി ഓഫീസിൽ നിന്ന് ബസ് പുറത്തേക്ക് കൊണ്ടുവരുന്നു

പത്തനംതിട്ട : യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് പത്തനംതിട്ട എസ്‌.പി ഓഫീസിലേക്ക് കയറ്റി. പൊലീസ് ഇരു വിഭാഗക്കാരെയുo താക്കീത് ചെയ്ത് പ്രശ്നം പരിഹരിച്ചു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്കുള്ള എരുമേലി ഡിപ്പോയുടെ ബസിലാണു യാത്രക്കാർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. വൈകിട്ട് മൂന്നരയോടെയാണു ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയത്. എരുമേലിക്കു പോകാനായി തിരുവനന്തപുരത്തു നിന്ന് കയറിയ യാത്രക്കാരുടെ സംഘം ബാത്ത് റൂമിൽ പോകാൻ കുറച്ചു സമയം ബസ് നിറുത്തിയിടണമെന്ന് ആവശ്യപ്പെട്ടു. കണ്ടക്ടർ സമ്മതിച്ചു. കുറേ സമയം കാത്തിരുന്നിട്ടും ഇവർ മടങ്ങിയെത്തിയില്ല. ഇതോടെ ബസിലെ മറ്റു യാത്രക്കാർ പ്രതിഷേധിച്ചു.

പുറത്തിറങ്ങിയ സംഘം ചായ കുടിക്കാൻ പോകുകയായിരുന്നു. സംഘത്തിലെ ഏതാനും പേർ തിരിച്ചു ബസിൽ കയറിയെങ്കിലും മറ്റുള്ളവർ വൈകി. ഇവർ കയറിയപ്പോൾ നേരത്തെ ഈ സംഘത്തിലുള്ളവർ ഇരുന്ന സീറ്റിൽ മറ്റൊരാൾ ഇരുന്നെന്നു പറഞ്ഞ് തർക്കമായി. ബസ് നീങ്ങിത്തുടങ്ങിയതോടെ തർക്കം രൂക്ഷമായി ഉന്തുംതള്ളുമായി. ഇവരെ ഇറക്കി വിടണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടു.

കയ്യാങ്കളിയിലേക്കു നീങ്ങുമെന്ന ഘട്ടത്തിൽ ഡ്രൈവർ ബസ് എസ്.പി ഓഫീസിലേക്ക് ഓടിച്ചു കയറ്റി. ബസ് എത്തിയതു കണ്ട് പൊലീസുകാർ ഓടിക്കൂടി. ട്രിപ്പ് മുടങ്ങിയാൽ കളക്ഷൻ തുക പിഴയടയ്ക്കേണ്ടി വരുമെന്നു കണ്ടക്ടറും പൊലീസും താക്കീതു നൽകി. ഇതോടെയാണ് തർക്കമുണ്ടാക്കിയവർ ശാന്തരായത്. ബസ് സർവീസ് തുടർന്നു.