ഗുരുപ്രഭയിൽ പീതസാഗരമായി തീർത്ഥാടന ഘോഷയാത്ര
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ നടന്ന തീർത്ഥാടന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഗുരുഭക്തർ ഗുരുമന്ത്രങ്ങൾ ഉരുവിട്ട് അണിചേർന്നു. മുൻവർഷങ്ങളേക്കാൾ വലിയ തിരക്കാണ് ഇത്തവണ ഘോഷയാത്രയിൽ ഉൾപ്പെടെ അനുഭവപ്പെട്ടത്. ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണമിക്കാൻ പീതവസ്ത്രധാരികളായി ഭക്തർ ഒഴുകിയെത്തിയപ്പോൾ ശിവഗിരിക്കുന്നും പ്രാന്തപ്രദേശങ്ങളും പീതസാഗരമായി.
ഗുരുദേവൻ സഞ്ചരിച്ച റിക്ഷയിൽ ഗുരുദേവസ്വരൂപം വച്ച് ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും ചേർന്ന് നയിച്ചു. 'ഓം നമോ നാരായണായ" നാമജപത്തോടെ തീർത്ഥാടകർ ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി. നാരായണമന്ത്രങ്ങൾ ഉരുവിട്ടും ദൈവദശകം ആലപിച്ചുമാണ് ഭക്തർ മഹാസമാധിയിലെത്തിയത്. സമാധിവളപ്പിലെ പഞ്ചാരമണലിൽ ധ്യാനനിമഗ്നരായിരുന്ന് ശ്രീനാരായണീയർ ഗുരുസ്മരണ പുതുക്കി. ശാരദാമഠവും വൈദിക മഠവും വലംവച്ചാണ് ഘോഷയാത്ര നീങ്ങിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, ജോയിന്റ് സെക്രട്ടറിമാരായ സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, സ്വാമി വിരജാനന്ദഗിരി, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശിവനാരായണതീർത്ഥ,സ്വാമി സുകൃതാനന്ദ തുടങ്ങിയ സന്യാസിമാർ ഘോഷയാത്രയ്ക്ക് നേതൃത്വം വഹിച്ചു.
ഗുരുദേവ - ഗാന്ധി സമാഗമ ശതാബ്‌ദി അനുസ്മരിച്ചുകൊണ്ട് ഗാന്ധിയുടെ പ്രച്ഛന്നവേഷധാരിയും ഘോഷയാത്രയ്ക്കു മുന്നിൽ ഉണ്ടായിരുന്നു. പ്രധാന പാതയായ വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ റോഡു മുതൽ മഹാസമാധി വരെയുള്ള ഭാഗത്ത് തീർത്ഥാടകർ നിറഞ്ഞുനീങ്ങി. വർക്കല റെയിൽവേ സ്റ്റേഷനിലെത്തി മടങ്ങിയ ഘോഷയാത്ര രാവിലെ 8.30 ഓടെയാണ് ശിവഗിരി മഹാസമാധിപീഠത്തിൽ സമാപിച്ചത്. സമാധിപീഠത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകി. മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമപ്രതിഷ്ഠാദിനം ഇന്നാണ്. രാവിലെ 7.30ന് വിശേഷാൽ സമാരാധനയും പുഷ്പകലശാഭിഷേകവുമുണ്ടാവും.