പാമ്പുകൾ വീ‌ട്ടി‌ലെ ടോയ്‌ലറ്റിൽ ചിലപ്പോൾ കയറാറുണ്ട്, അതിനുപിന്നിലൊരു കാരണമുണ്ട്

Thursday 01 January 2026 12:00 AM IST

മനുഷ്യർ ഏറെ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന ജീവികളാണ് പാമ്പുകൾ. മുതലയും ഓന്തും അരണയുമൊക്കെ അടങ്ങുന്ന ഉരഗവർഗങ്ങളിൽ പെടുന്ന പാമ്പുകൾ ഒരു വർഷത്തിൽ ഏറ്റവുമധികം മനുഷ്യ മരണം സൃഷ്‌ടിക്കുന്ന വന്യജീവികളാണ്.

മിക്കവാറും പാമ്പുകളും മനുഷ്യസാന്നിദ്ധ്യമുള്ളതിനടുത്ത് താമസിച്ചാലും മനുഷ്യരുമായി നേരിട്ട് സമ്പർക്കം വരാതെ ഒഴിഞ്ഞുപോകാൻ ശ്രമിക്കും. എന്നാൽ ചില അവസരങ്ങളിൽ അവ നമ്മുടെ വീടുകളിൽ വന്ന് പെട്ടുപോകും. ജീവന് ഭീഷണിയുണ്ടെന്ന് കരുതി വിഷമേറിയ പാമ്പുകളെ കാണുമ്പോൾ തന്നെ നമ്മൾ കഥകഴിക്കും. എന്നാലും പലപ്പോഴും ആഹാരംതേടിയും മറ്റും അവ നമ്മുടെ വീട്ടിലെത്തുക തന്നെ ചെയ്യും.

വളരെ സാദ്ധ്യത കുറവെങ്കിലും ടോയ്‌ലറ്റുകൾ വഴി ചിലപ്പോൾ പാമ്പുകൾ വീട്ടിൽ കയറാം. വിചിത്രമെന്ന് തോന്നുമെങ്കിലും അതിന് മതിയായ ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനം പാമ്പുകൾ ആഹാരം തേടിയെത്തുന്നതാണ് എന്നതാണ്. ടോയ്‌ലറ്റിന് ചുവട്ടിലെ പൈപ്പുകളിൽ ചിലപ്പോൾ ഇവയുടെ ഇഷ്‌ട ആഹാരമായ എലികൾ, തവള, പല്ലികൾ ഒക്കെയുണ്ടാകാം. ഇവയുടെ മണം കിട്ടി തേടിവരുന്ന പാമ്പ് ചിലപ്പോൾ മനുഷ്യരുപയോഗിക്കുന്ന ടോയ്‌ലറ്റിനുള്ളിൽ കുടുങ്ങാം.

ടോയ്‌ലറ്റിലെ പൈപ്പിൽ വർഷത്തിൽ എല്ലാദിവസവും ഉപയോഗിക്കുമ്പോൾ ജലം ഒഴുകും. ഇത് പൈപ്പുകളെ തണുത്ത അന്തരീക്ഷമുണ്ടാക്കുന്നു. ചൂടുകാലത്ത് പാമ്പുകൾ സ്ഥിരമായി കഴിയുന്ന മാളങ്ങൾക്ക് സമാനമായി ചൂട് കുറഞ്ഞ അന്തരീക്ഷമുള്ള പൈപ്പിനുള്ളിൽ ചിലപ്പോൾ പാമ്പ് എത്തിപ്പെട്ടുപോകും.

ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ ചിലപ്പോൾ പാമ്പുകൾ മുകളിലേക്ക് കയറിവരും. ഇതിന്കാരണം ശക്തമായ മഴപെയ്യുമ്പോൾ മാളത്തിൽ വെള്ളംകയറിയാൽ പാമ്പ് പുറത്തുവരും. ഇതിന് സമാനമായി ഫ്ളഷ് ചെയ്‌ത് വെള്ളം പുറത്തുവരുമ്പോൾ പാമ്പുകൾ ഭയന്ന് മുകളിലേക്ക് കയറിയെത്താൻ ശ്രമിക്കും. നീന്തൽ അറിയാത്ത പാമ്പുകളാകാം ഇങ്ങനെ വരിക. നന്നായി നീന്തുന്ന പാമ്പുകൾക്ക് ഇതൊന്നും പ്രശ്‌നമല്ല. വീട്ടിലെ മാലിന്യമകറ്റി, ഡ്രെയിനുകളും മറ്റും വൃത്തിയാക്കി സൂക്ഷിച്ചാൽ പാമ്പുകൾ ഇരതേടി ഇവിടങ്ങളിൽ എത്തുന്നത് അകറ്റാനാകും.