എം.സ്വരാജിന് വേണ്ടിയുള്ള അദ്ധ്യാപികയുടെ പ്രചാരണം; വി.സിയുടെ നടപടിക്കെതിരെ സിൻഡിക്കേറ്റിൽ ബഹളം
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങിയ അദ്ധ്യാപികയ്ക്കെതിരെയുള്ള കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറുടെ നടപടികളെ ചൊല്ലി സിൻഡിക്കേറ്റ് യോഗത്തിൽ ബഹളവും വാഗ്വാദവും.
സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചും ദൃശ്യമാദ്ധ്യമങ്ങളിലൂടെ സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചതിന് താരതമ്യ സാഹിത്യ പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശ്രീകല മുല്ലശ്ശേരിക്ക് വൈസ് ചാൻസലർ കുറ്റപത്രവും കുറ്റാരോപണ പ്രസ്താവനയും നൽകിയ കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തതാണ് വിവാദത്തിൽ കലാശിച്ചത്. തീരുമാനം പിൻവലിക്കാതെ വി.സിയെ ഹാളിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സിൻഡിക്കേറ്റ് അംഗം അഡ്വ പി.കെ. കലീമുദ്ദീൻ യോഗം നടന്ന ഹാളിന്റെ വാതിൽ പൂട്ടിയിട്ടു. വൈസ് ചാൻസലർക്ക് ചാർജ് മെമ്മോ കൊടുക്കാൻ അധികാരമില്ലെന്നും സിൻഡിക്കേറ്റിന്റെ അധികാരം വി.സി ദുരുപയോഗം ചെയ്തുവെന്നും സി.പി.എം സിൻഡിക്കേറ്റ് മെമ്പർമാർ ആരോപിച്ചു. വി.സി നൽകിയ കുറ്റപത്രവും കുറ്റാരോപണ പ്രസ്താവനയും റദ്ദാക്കാൻ ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനിക്കുകയായിരുന്നു.
അദ്ധ്യാപിക സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാൽ നിലവിലുള്ള അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകണമെന്ന് ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ.മാർട്ടിൻ, എൻ.കെ. അനുരാജ് എന്നിവർ ആവശ്യപ്പെട്ടു. സിൻഡിക്കേറ്റിലെ ഭൂരിപക്ഷത്തിന്റെ പേരിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി തീരുമാനത്തിനെതിരെ അവർ വിയോജിപ്പ് രേഖപ്പെടുത്തി.
യൂണിവേഴ്സിറ്റി ചട്ടപ്രകാരം അദ്ധ്യാപികയ്ക്ക് കുറ്റാരോപണ പത്രം നൽകിയ നടപടി ഗവർണർക്ക് റിപ്പോർട്ട് ചെയ്യുമെന്നും അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുമെന്നും വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. അടുത്തിടെ നടന്ന വി.സി നിയമനങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണറും സർക്കാരും സമവായത്തിൽ എത്തിയ സാഹചര്യത്തിൽ സിൻഡിക്കേറ്റിന്റെ താല്പര്യങ്ങൾക്കെതിരായുള്ള വി.സിയുടെ നിലപാട് ഇനി വില പോകില്ലെന്നാണ് സി.പി.എം അംഗങ്ങളുടെ പക്ഷം.