ചോക്കാട് നാൽപത് സെന്റ് ഉന്നതിയിൽ വീണ്ടും കാട്ടാനകളെത്തി

Thursday 01 January 2026 12:58 AM IST

കാളികാവ്: ചോക്കാട് 40 സെന്റ് ആദിവാസി നഗറിൽ ഇന്നലെ വീണ്ടും കാട്ടാനക്കൂട്ടമെത്തി.

വനപാലകരും നാട്ടുകാരും കാട്ടാനകളെ കാട് കയറ്റിയെങ്കിലും വൈകുന്നേരത്തോടെ മറ്റൊരു ഭാഗത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്.

ജില്ലയിലെ ഏറ്റവും വലിയ ആദിവാസി നഗറായ ചോക്കാട് നാൽപത് സെന്റിൽ വനത്തേക്കാൾ വലിയ അടിക്കാടുകൾ രൂപപ്പെട്ടതാണ് കാട്ടാനകൾ തമ്പടിക്കാൻ കാരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നാട്ടുകാർ കാട് കയറ്റിയ കാട്ടാനക്കൂട്ടം വൈകുന്നേരത്തോടെ വീണ്ടും ഇറങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടാനകളെ കാട് കയറ്റിയത്. എന്നാൽ വൈകുന്നേരമായതോടെ മറ്റൊരു ഭാഗത്ത് വീണ്ടും ഇറങ്ങിയതായി പ്രദേശ വാസികൾ പറഞ്ഞു. ആദിവാസികൾക്ക് പതിച്ച് നൽകിയ തെങ്ങിൻ തോപ്പും ആദിവാസി സഹകരണ സംഘത്തിന്റെ അധീനതയിലുള്ള ഭൂമിയുമാണ് ഇപ്പോൾ വലിയ കാടായി മാറിയത്. തൊട്ടടുത്ത പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന കൊട്ടൻ ചോക്കാടൻ മലവാരത്തിലും എരങ്കോൽ മലവാരത്തിലും ഉള്ളതിനേക്കാൾ അടിക്കാടുകളാണ് ഇപ്പോൾ ആദിവാസികളുടെ ഭൂമിയിൽ ഉള്ളത്.

റബ്ബർ തോട്ടമായിരുന്ന സൊസൈറ്റിയുടെ ഭൂമി പൂർണ്ണമായി കാടായി മാറിയിട്ടുണ്ട്. ഇവർ താമസിക്കുന്ന സ്ഥലത്ത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിലെ തെങ്ങും തോപ്പുകൾ വിവിധ കുടുംബങ്ങളുടെ കൈവശമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തെങ്ങ് കൃഷി പരിപാലിക്കുന്നു. എന്നാൽ ഈ പ്രവൃത്തിക്കപ്പുറം അശ്രദ്ധമായി കിടക്കുന്ന ഭൂമികൾ വലിയ തോതിൽ കാടായി മാറിയിട്ടുണ്ട്. മുൻ വാർഡ് മെമ്പർ കെ. ഷാഹിനാ ബാനുവിന്റെ നേതൃത്വത്തിൽ സൊസൈറ്റിയുടെ അധീനതയിലുളള ഭൂമിയിലെ കാട് വെട്ടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തിട്ടില്ല.

വെട്ടണം അടിക്കാടുകൾ

വലിയ കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ആക്രമണ ഭീതിയിലാണ് ഈ പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങൾ. ഭക്ഷണവും വെളളവും തേടി ഇറങ്ങുന്ന കാട്ടാനക്കൂട്ടം വൻ തോതിൽ കൃഷിയും നശിപ്പിക്കുന്നു. ദുരന്തമുണ്ടാകുമ്പോൾ മാത്രം ഓടിയെത്തുന്ന വനം വകുപ്പും സർക്കാറുകളും രാഷ്ട്രീയക്കാരുമെല്ലാം ഓടിയെത്തുന്നതാണ് പതിവ്. എന്നാൽ

നാൽപത് സെന്റിലെ കാടായി മാറിയ ആദിവാസി കളുടെ ഭൂമിയിലെ കാടുകൾ വെട്ടി മാറ്റി പ്രദേശം സുരക്ഷിതമാക്കാൻ ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.