ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; അറസ്റ്റിലായത് 165 പേർ

Thursday 01 January 2026 12:07 AM IST

മലപ്പുറം: ക്രിസ്മസ്-പുതുവർഷം പ്രമാണിച്ച് വ്യാജ മദ്യവും ലഹരി മരുന്നുകളും കൂടുതലായി എത്താൻ സാദ്ധ്യതയുള്ളതിനാൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്‌പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 165 പേർ. ഇതുവരെ 910 പരിശോധനകളാണ് നടത്തിയത്. ഡിസംബർ ഒമ്പത് മുതൽ ആരംഭിച്ച പരിശോധന അഞ്ചിന് അവസാനിക്കും. പൊലീസ്, വനം വകുപ്പ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ്, വനം വകുപ്പ് തുടങ്ങിയവരുമായി സഹകരിച്ച് 63 ഇടങ്ങളിൽ പരിശോധന നടത്തി. 6,191 വാഹനങ്ങളിലും പരിശോധന നടത്തി.

120 അബ്കാരി കേസുകളിലായി 107 പേരുടെയും 63 എൻ.ഡി.പി.എസ് കേസുകളിൽ 58 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി യഥാക്രമം എട്ട്, രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. അബ്കാരി കേസുകളിൽ പിടിയിലായവരിൽ നിന്നും തൊണ്ടിമുതലായി 1,670 രൂപയും പിടിച്ചെടുത്തു. 372 കോട്ട്പ ( സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട്) കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ നിന്ന് ആകെ 74,000 രൂപ പിഴ ഈടാക്കി. 6.125 ഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

തൊഴിലാളി ക്യാമ്പുകളിൽ 224 തവണയാണ് പരിശോധന നടത്തിയത്. മറ്റ് കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് 47, റെയിൽവേ സ്റ്റേഷനുകളിൽ 169 പരിശോധനകളും നടത്തി. എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവരാണ് പരിശോധന നടത്തുന്നത്.

പിടിച്ചെടുത്തവ

ചാരായം - 40.500 ലി​റ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 512.800 ലി​റ്റർ വാഷ് - 378 ലി​റ്റർ കഞ്ചാവ് - 27.281 കിലോ കഞ്ചാവ് ചെടി - 4 മെത്താഫെ​റ്റാമിൻ - 26.878 ഗ്രാം ഹെറോയിൻ - 3.199 ഗ്രാം ഹാഷിഷ് ഓയിൽ - 1.174 ഗ്രാം

പരാതി പറയാം

ജില്ലയിലെ പൊതുജനങ്ങൾക്ക് പരാതി പറയുന്നതിന് ഡിവിഷണൽ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 04832734886 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാം.