സർഗാലയയിൽ ഇത് വസന്തകാലം
ഇരിങ്ങൽ: സർഗാലയയിൽ ഇപ്പോൾ വസന്തകാലമാണ്. നിറയെ വിരിഞ്ഞുനിന്നാടുന്ന പൂക്കൾ, തേൻ നുകരാനെത്തുന്ന പൂമ്പാറ്റകൾ, പൂക്കളുടെ വർണക്കാഴ്ചകൾ കാണാൻ ആളുകളുടെ തിരക്കാണ്. അന്താരാഷ്ട്ര കലാകരകൗശല മേളയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൂക്കളും സസ്യങ്ങളുമാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. പുഷ്പഫല സസ്യങ്ങളുടെ തൈകളും വിത്തുകളും വാങ്ങാനുള്ള സൗകര്യവുമുണ്ട്. സൂര്യകാന്തി, ഓർക്കിഡ്, റോസ്, ക്രിസാന്തമം, ആന്തൂറിയം, ഗ്രൗണ്ട് ഓർക്കിഡ്, കാലാഞ്ചിയം, ഡാലിയ,അഡീനിയം, ആസ്റ്റർ എന്നിവയുടെ വൈവിദ്ധ്യങ്ങളാണ് നിറയെ. വിവിധ പുഷ്പാലങ്കാരങ്ങളുടെ അടുത്തുനിന്നു ഫോട്ടോയെടുക്കാൻ ആളുകൾ തിരക്കുകൂട്ടുന്ന കാഴ്ചകാണാം.
പിണറായി പൂക്കൾ കണ്ണൂർ ജില്ലയിലെ പൂ കർഷകരുടെ കൂട്ടായ്മയാണ്. ചെടികൾ വളർത്തുന്നതിൽ താത്പര്യമുള്ളവർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒരു വരുമാന മാർഗം കൂടിയായി മാറ്റാമെന്ന ഉദ്ദേശത്തോടെയാണ് ഈ കൃഷി കൂട്ടം പിണറായി കൃഷിഭവന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. ചെടികളുടെയും പൂക്കളുടെയും വിൽപനയ്ക്ക് പുറമെ വിവാഹവേദി അലങ്കരണവും , ഗൃഹ പൂന്തോട്ട നിർമാണവും സ്ഥാപനങ്ങൾക്ക് ഗാർഡൻ സെറ്റ് ചെയ്യൽ ഉൾപ്പെടെ നടത്തിവരുന്നു. വീടുകളിൽ വളർത്തുന്ന ചെടികൾ വീട്ടമ്മമാർക്ക് സന്തോഷവും ഒപ്പം സാമ്പത്തിക വരുമാനവും നൽകുന്ന പിണറായി പൂക്കൾ എന്ന കൃഷിക്കൂട്ടത്തിന്റെ രീതി തികച്ചും മാതൃകാപരമാണ്. ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന ഫ്ളവർ ഷോയിൽ പ്രദർശനത്തിന് പുറമെ വിവിധ ഇനം പൂക്കളുടെയും ചെടികളുടെയും ആദായകരമായ വിൽപനയും നടത്തുന്നുണ്ട്. ബോഗൻ വില്ലാ, ചെമ്പരത്തി, വിവിധ ഇനം റോസ് , ജമന്തി, ഡാലിയാ , മണിമുല്ലാ, അലോ വിറ തുടങ്ങിയ ചെടികൾക്ക് പുറമേ ആന്തുറിയം ,അഡീനിയം , നിക്കോഡിയാ, ഡിസമ്പർ ലേഡി , യുജീനിയ തുടങ്ങിയ നൂറ് കണക്കിന് ചെടികൾ തികച്ചും ആദായകരമായ വിലക്ക് വാങ്ങുവാനുള്ള അനസരവും പിണറായി പൂക്കൾ സർഗാലയയിൽ ഒരുക്കിയിരിക്കുന്നത്. അനീഷ് സി.വി പ്രസിഡന്റും രഞ്ചിത്ത് എരുവട്ടി വൈസ് പ്രസിഡന്റും ഷിജു കുമാർ സെക്രട്ടറിയും രത്നാകരൻ ട്രഷററും ആയിട്ടാണ് പിണറായി പൂക്കൾ കൃഷിക്കൂട്ടം പ്രവർത്തിച്ചു വരുന്നത്.