ഹൈബ്രിഡ് കരിയറുകൾ വർദ്ധിക്കും

Thursday 01 January 2026 1:00 AM IST

ആളുകളുമായി സംവദിക്കാൻ കഴിയുന്നതും ടെക്നോളജിയും കൂടി മിക്സായിട്ടുള്ള ഹൈബ്രിഡ് കരിയറുകൾ, അതായത് എ.ഐ ട്രെയിനേഴ്സ്, എ.ഐ ഓഡിറ്റേഴ്സ്, എ.ഐ മേഖലയിലെ ഗവേഷകർ, ഡാറ്റ അനലിസ്റ്റുകൾ തുടങ്ങിയ മേഖലയിലാവും അടുത്ത 25 വർഷങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ വർദ്ധിക്കാനിടയുള്ളത്. പുതിയ കാര്യങ്ങൾ അഭ്യസിക്കുന്നവർക്കും തുടർച്ചയായി വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്നവർക്കും സാദ്ധ്യതകളേറെയാണ്.

എ.ഐയുടെ സ്വാധീനം വർദ്ധിക്കുന്നതുകൊണ്ട് അതത് മേഖലകളിലെ ഡൊമൈൻ എക്സ്പേർട്ടുകൾക്ക് കൂടുതൽ സാദ്ധ്യതകളുണ്ടാകും. ലായേഴ്സ്, ഡോക്ടർമാർ, എൻജിനിയർമാർ, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധർ എന്നിവരിൽ നിർമ്മിതബുദ്ധി എത്രമാത്രം ഉപയോഗിക്കാനറിയാം എന്നതിനെ ആശ്രയിച്ച് വികാസമുണ്ടാക്കാനാകും. എന്നാൽ, വിവരശേഖരണവും ഡാറ്റ കോഡിംഗും മാത്രമായാൽ അതിജീവനം അസാദ്ധ്യമാകും. പ്രോജക്ട് മാനേജർമാർ, സൂപ്പർവൈസർമാർ, ഗുമസ്തർ തുടങ്ങിയ മേഖലകളിൽ തൊഴിൽനഷ്ടമുണ്ടാകും. സർക്കാർ സർവീസിൽ ക്ലറിക്കൽ മേഖലയിലും വലിയ മാറ്റങ്ങളുണ്ടാകും.

ആരോഗ്യ സംരക്ഷണത്തിലെ ക്ഷേമവും വിശ്വാസ്യതയുമാണ് വളർന്നുവരുന്ന മറ്റൊരു മേഖല. ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയവ അതിലുൾപ്പെടുന്നവയാണ്. ഓട്ടിസം പോലെ വൈദഗ്ദ്ധ്യ പരിചരണം ആവശ്യമുള്ള മേഖലകളിൽ ന്യൂറോ ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ പ്രൊഫഷണലുകൾക്കും അവസരങ്ങൾ വർദ്ധിക്കും.

(ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയാണ് ലേഖകൻ)