അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ എത്തുന്നു, മലയാളികളുടെ പ്രിയപ്പെട്ട ഉത്പന്നത്തിന് വില കുറഞ്ഞു

Thursday 01 January 2026 3:45 AM IST

കോലഞ്ചേരി: നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. കിലോഗ്രാമിന് 25 രൂപ പോലും ലഭിക്കാതായതോടെ കർഷകർ ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ്.

ആഴ്ചകളായി നാടൻ നേന്ത്രക്കായ വില ഇടിഞ്ഞു വരികയായിരുന്നു. ഓണം സീസണിൽ 80 രൂപ വരെ ലഭിച്ചിരുന്ന കായയുടെ വില ഇത്രയും താഴെ പോകുമെന്ന് കർഷകർ വിചാരിച്ചിരുന്നില്ല. മുടക്കുമുതൽ പോലും ലഭിക്കാതായതോടെ കർഷകർ കടക്കെണിയിലേക്കു നീങ്ങുകയാണ്. വാഴക്കണ്ണിന് മുടക്കിയ പണം പോലും തിരിച്ചു കിട്ടാത്ത സ്ഥിതി പലർക്കുമുണ്ട്.

കൂലിച്ചെലവ്, വളം വില എന്നിവ വർദ്ധിക്കുന്നതും ഉത്പന്നത്തിന്റെ വില ഇടിയുന്നതും കർഷകർക്ക് താങ്ങാനാകുന്നില്ല.

സാശ്രയ വിപണികൾ വഴിയാണ് കായ വിറ്റഴിക്കുന്നത്. വിപണിയിലെത്തുന്ന കുല ലേലം ചെയ്ത് വില്ക്കുന്നതാണ് രീതി. വില കുറയുന്ന സാഹചര്യത്തിൽ കായ വാങ്ങാൻ മൊത്ത വ്യാപാരികൾ തയ്യാറാകുന്നില്ല. വാങ്ങിയാൽ തന്നെ വലിപ്പം നോക്കി തിരഞ്ഞെടുക്കും. ബാക്കി വരുന്ന കുലകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് തീർക്കുന്ന ഗതികേടിലാണ് കർഷകർ.

കഴിഞ്ഞ വർഷങ്ങളിൽ ഇതേ സമയത്ത് 60 രൂപയ്ക്ക് മുകളിലായിരുന്നു വില. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കായ എത്തുന്നതാണ് നാടൻ ഉത്പന്നത്തിന്റെ വില ഇടിച്ചത്.

തമിഴ്നാട്ടിൽ നിന്നെത്തുന്ന കായ മൂന്ന് കിലോഗ്രാമിന് 100 രൂപയ്ക്ക് വീട്ടുപടിക്കൽ കിട്ടും. ചെറുപഴത്തിന്റെ വിലയും കുറയുകയാണ്. റോബസ്റ്റ, പാളയംകോടൻ, പൂവൻ, ഞാലിപ്പൂവൻ തുടങ്ങിയവയും വിലയിടിവ് നേരിടുന്നു. റോബസ്റ്റ 15, പാളയംകോടൻ 10, ഞാലിപ്പൂവൻ 30, പൂവൻ 30 എന്നിങ്ങനെയാണ് കർഷകർക്ക് ലഭിക്കുന്ന വില.

ചെറുതും വലുതുമായ വിവിധ ലോണുകൾ എടുത്ത് സ്ഥലം പാട്ടത്തിനെടുത്താണ് വാഴകൃഷി നടത്തുന്നത്. പാട്ട തുക മുൻകൂർ നല്കിക്കഴിഞ്ഞു. ഈ അവസ്ഥ തുടർന്നാൽ അടവ് മുടങ്ങും. കടക്കെണിയിലേയ്ക്കാണ് പോക്ക്

എം.വൈ. തമ്പി,

വാഴ കർഷകൻ,

പെരുവുംമൂഴി