സേവ്  ബോക്‌സ്  ആപ്പ്  നിക്ഷേപ  തട്ടിപ്പുകേസ്; ജയസൂര്യയ്ക്ക്  ഒരു  കോടിയോളം  രൂപ  ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

Thursday 01 January 2026 8:44 AM IST

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ പ്രതിഫലം ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ. നടന്റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതിയായ സ്വാതിക് റഹീമിന്റെ കമ്പനികളിൽ നിന്നാണ് പണമെത്തിയത്. ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് നടന്റെ മൊഴി.

ജയസൂര്യയു‌ടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച വീണ്ടും ഹാജരാകാനാണ് നിർദേശം. സ്വാതിക്കിന്റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സ്വാതിക്കിന്റെ സിനിമാ ബന്ധങ്ങളും ഇഡി അന്വേഷിക്കും.

തൃശൂർ സ്വദേശിയായ സ്വാതിക് 2019ലാണ് സേവ് ബോക്‌സ് എന്ന ആപ്പ് ആരംഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യത്തേത് എന്ന വിശേഷണത്തോടെയെത്തിയ ഓൺലൈൻ ലേല ആപ്പാണിത്. സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുള്ള സ്വാതിക് ജയസൂര്യയെയാണ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. മറ്റുപല സിനിമാതാരങ്ങളും ആപ്പിന്റെ പ്രചാരണത്തിനായി പ്രവർത്തിച്ചിരുന്നു. 2023ലാണ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പുറത്തുവന്നത്.

ജനുവരി ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജയസൂര്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് നൽകിയിരിക്കുകയാണ്. കേസിൽ രണ്ട് പ്രാവശ്യം ചോദ്യംചെയ്തതാണ്. ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.