ഡയാലിസിസ് ചെയ്ത 26 പേരിൽ രണ്ടുപേർ മരിച്ചു, ആറുപേർക്ക് അസ്വസ്ഥത; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
Thursday 01 January 2026 9:19 AM IST
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ടുപേർ മരിച്ചതിന് പിന്നാലെയാണ് പരാതിയുമായി കുടുംബങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. അണുബാധയാണ് മരണകാരണമെന്നാണ് ഇവർ ആരോപിക്കുന്നത്.
ഡിസംബർ 29ന് 26 പേർ ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായിരുന്നു. ഇവരിൽ ആറുപേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. അണുബാധയെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചു. എന്നാലിവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വീണ്ടും വിദഗ്ദ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.അരുൺ ജേക്കബ് പ്രതികരിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.